എളുപ്പത്തില്‍ എട്ടിടാന്‍ വണ്ടിയില്‍ സൂത്രപ്പണി; കയ്യോടെ പൊക്കി ആര്‍.ടി.ഒ

കൊച്ചി: ക്രമക്കേട് നടത്തിയതിനെത്തുടര്‍ന്ന് െ്രെഡവിംഗ് ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ ആര്‍ടിഒ പിടിച്ചെടുത്തു. കൊച്ചി കാക്കനാടാണ് സംഭവം. ഡ്രൈവിംഗ് സ്‌കൂളിന്റെ വാഹനങ്ങളാണ് പിടികൂടിയത്.

കാക്കനാട് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ ആര്‍ടിഒ നടത്തിയ മിന്നല്‍ പരിശോധനയിലാണ് തട്ടിപ്പ് പിടിച്ചത്. ടെസ്റ്റിനെത്തുന്നവര്‍ ഓടിച്ചു പഠിക്കുന്നതും ടെസ്റ്റ് ഗ്രൗണ്ടില്‍ ഉപയോഗിക്കുന്നതുമായ ഡ്രൈവിങ് സ്‌കൂളിലെ മൂന്ന് ഇരുചക്ര വാഹനങ്ങളാണ് പിടിച്ചെടുത്തത്.

ആക്‌സിലേറ്ററിന്റെ ക്ലിപ്പിട്ട നിലയിലും ഫ്രണ്ട് ബ്രേക്ക് അഴിച്ചിട്ട നിലയിലുമായിരുന്നു ഈ വാഹനങ്ങള്‍. ആക്‌സിലേറ്ററില്‍ ക്ലിപ്പിട്ടാല്‍ ഇരുചക്ര വാഹനങ്ങളില്‍ എളുപ്പത്തില്‍ എട്ട് എടുക്കാം. ആക്‌സിലേറ്ററിന്റെ വേഗം നിയന്ത്രിക്കുന്നതിനാണ് ഈ ക്ലിപ്പുകള്‍. ക്ലിപ്പുള്ളതു മൂലം വാഹനം നിന്ന് പോകില്ലെന്നും ചെറിയ വേഗത്തില്‍ പോകുന്നതിനാല്‍ ടെസ്റ്റ് എളുപ്പം ജയിക്കാന്‍ സാധിക്കുമെന്നും ആര്‍ടിഒ പറയുന്നു.

മാത്രമല്ല വണ്ടിയുടെ ഫ്രണ്ട് ബ്രേക്ക് അഴിച്ചിട്ടാല്‍ അബദ്ധത്തില്‍ ഫ്രണ്ട് ബ്രേക്ക് പിടിച്ച് കാല്‍ താഴെ കുത്തുന്നതും ഒഴിവാക്കാം. ഇത്തരം തട്ടിപ്പുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. പിടികൂടിയ ഇത്തരം വാഹനങ്ങള്‍ ക്രമക്കേടുകള്‍ മാറ്റി ഹാജരാക്കാനാണ് നിര്‍ദ്ദേശം.

SHARE