കൊവിഡിനെതിരെ ഗോമൂത്രം കുടിക്കണമെന്ന ആഹ്വാനവുമായി ബംഗാള്‍ ബിജെപി അധ്യക്ഷന്‍

കൊല്‍ക്കത്ത: കൊവിഡിനെതിരെ പ്രതിരോധശേഷി ഉയര്‍ത്താന്‍ പശുവിന്റെ മൂത്രം കുടിക്കണമെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷനും ലോക്സഭ എംപിയുമായ ദിലീപ് ഘോഷിന്റെ ആഹ്വാനം. വീഡിയോ സന്ദേശത്തിലാണ് ദിലീപ് ഘോഷ് ‘വീട്ടിലെ പൊടിക്കൈ’കളിലൂടെ കൊവിഡിനെ തുരുത്തുന്നതിന്റെ പ്രാധാന്യം വിവരിച്ചത്. ‘ഞാനിപ്പോള്‍ പശുവിനെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ പലര്‍ക്കും ബുദ്ധിമുട്ടാവും. അവര്‍ കഴുതകളാണ്. ഇത് ഇന്ത്യയാണ്, കൃഷ്ണഭഗവാന്റെ നാട്, ഇവിടെ പശുക്കളെ ആരാധിക്കും. നമുക്ക് പശുവിന്റെ മൂത്രം കുടിച്ച് ആരോഗ്യം ഉറപ്പുവരുത്താന്‍ കഴിയും. ആയുര്‍വേദ മരുന്നും കഴിക്കാം. മദ്യം കഴിക്കുന്നവര്‍ക്ക് പശുവിന്റെ പ്രാധാന്യം എങ്ങനെ മനസ്സിലാകാനാണ്’, ദിലീപ് ഘോഷ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ദുർഗാപൂരിൽ വ്യാഴാഴ്ച നടന്ന യോഗത്തിലാണ് ബിജെപി നേതാവ് ഇക്കാര്യം വ്യക്തമാക്കിയത്.

‘തുളസിയാണ് നാം പൂജക്ക് ഉപയോഗിക്കുക. തുളസി പ്രസാദമായും ഉപയോഗിക്കുന്നു. ഇതെല്ലാമാണ് നമ്മുടെ പിതാമഹന്മാരെ ആരോഗ്യവാന്മാരാക്കി നിറുത്തിയത്. ചാണകവും ഗോമൂത്രവും ഉപയോഗിച്ചുള്ള പഞ്ചാമൃതവും ആരോഗ്യം നിലനിര്‍ത്താനാണ് ഉപയോഗിക്കുന്നത്.’ ദിലീപ് ഘോഷ് കൂട്ടിച്ചേര്‍ത്തു.

ഇതിന് മുന്‍പും വിവാദ പ്രസ്താവന നടത്തി ബംഗാള്‍ ബിജെപി പ്രസിഡന്റ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ‘പശുവിന്റെ പാലില്‍ സ്വര്‍ണമുണ്ടെന്നായിരുന്നു 2019 നവംബറില്‍ ദലീപ് ഘോഷ് പറഞ്ഞത്. ഇതിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇക്കഴിഞ്ഞ മെയില്‍ പശുവിന്റെ മൂത്രം കുടിച്ചാല്‍ ആരോഗ്യപ്രശ്നമൊന്നുമില്ലെന്നും താനത് കുടിച്ചിട്ടുണ്ടെന്നും പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ഘോഷിന്റെ പ്രസ്താവനക്കെതിരെ ബംഗാള്‍ ബിജെപി നേതാക്കളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പ്രസ്താവന അശാസ്ത്രീയമാണെന്ന് നേതാക്കള്‍ വിശേഷിപ്പിച്ചു.

ഇതിനിടെ ”പശു മൂത്രം” വിതരണം ചെയ്ത ബിജെപി അംഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന പരാതിയില്‍ പശു മൂത്രം കഴിക്കുന്നതായി കണ്ട സന്നദ്ധപ്രവര്‍ത്തകനെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു.