വരള്‍ച്ച രൂക്ഷമാകും; മണ്‍സൂണ്‍ മഴ ദുര്‍ബലമാകുമെന്നും മുന്നറിയിപ്പ്

മുംബൈ: കാലവര്‍ഷത്തിനുമുമ്പ് മഴ കുറവായതിനാല്‍ രാജ്യത്തെ പലമേഖലകളിലും ഇത്തവണ വരള്‍ച്ച രൂക്ഷമായിരിക്കുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇത് കൃഷിയെ പ്രതികൂലമായി ബാധിക്കുമെന്നും കാലാവസ്ഥാ വകുപ്പ് വിലയിരുത്തി.

രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ സാധാരണ ലഭിക്കാറുള്ളതിനെക്കാള്‍ 37 ശതമാനം കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. വേനല്‍മഴ ലഭിക്കാത്തിടത്തോളംകാലം കൃഷിചെയ്യാന്‍പറ്റാത്ത അവസ്ഥയുണ്ടാകും. ഇത് കടുത്ത വരള്‍ച്ചക്കും ഇടയാക്കും. 2018ല്‍ നല്ലമഴ ലഭിച്ചിട്ടും ഈ വര്‍ഷം വരള്‍ച്ചയിലേക്ക് കാര്യങ്ങള്‍ എത്തുന്നതിലാണ് ആശങ്ക. മഹാരാഷ്ട്രയിലെ പല അണക്കെട്ടുകളിലും സംഭരണശേഷിയുടെ നാലുമുതല്‍ 10 ശതമാനംവരെയേ വെള്ളമുള്ളൂ. കടുത്ത ചൂടില്‍ ഇവ വറ്റിത്തുടങ്ങി.

ഈവര്‍ഷത്തെ മണ്‍സൂണ്‍ മഴ സാധാരണയെക്കാള്‍ കുറവായിരിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ മേയ് 17 വരെ ചെറിയതോതില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെങ്കിലും കൃഷിചെയ്യാനുള്ള സാഹചര്യം ഉണ്ടാകാനിടയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

SHARE