ജി.എസ്.ടി; മന്ത്രി പറഞ്ഞാലും ഞങ്ങള്‍ കേള്‍ക്കില്ല: ഭക്ഷണത്തിന്റെ വില കുറക്കില്ലെന്ന് ഹോട്ടലുടമകള്‍

മന്ത്രി പറഞ്ഞാലും ഭക്ഷണത്തിന്റെ വില കുറക്കില്ലെന്ന് ഹോട്ടലുടമകളുടെ സംഘടന. ധനമന്ത്രിയുടെ പ്രസ്താവന തെറ്റിധരിപ്പിക്കുന്നതാണെന്നും അംസസ്‌കൃത വസ്തുക്കളുടെ വിലക്കനുസരിച്ച് ഭക്ഷണത്തിന്റെ വില കുറക്കാനാകില്ലെന്നും ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന്‍ വ്യക്തമാക്കി.

ജി.എ.എസ്ടിയുടെ മറവില്‍ ഹോട്ടലുകള്‍ കൊള്ള ലാഭം കൊയ്യുന്നു എന്ന ആരോപണം ശ്ക്തമായ സാഹചര്യത്തിലാണ് ധനകാര്യ മന്ത്രി ഹോട്ടലുകള്‍ക്കെതിരെ നടപടി എടുക്കുമെന്ന് പറഞ്ഞത്. ജിഎസ്ടി നടപ്പാക്കുമ്പോള്‍ ഹോട്ടല്‍ ഭക്ഷണത്തിന്റെ വില കുറയുകയാണ് വേണ്ടതെന്നായിരുന്നു ഇന്നലെ തോമസ് ഐസക് പറഞ്ഞത്

ഒരു ശരാശരി എസി റെസ്റ്റോറന്റില്‍ 75 രൂപ തന്നെയാണ് വെജിറ്റേറിയന്‍ ഊണിനുമേല്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നിലവിലുള്ള നികുതി 7.95 രൂപയാണ്. അതായത് യഥാര്‍ത്ഥ വില 67.05 രൂപ. ഈ വിലയുടെ അഞ്ചു ശതമാനമാണ് ജിഎസ്ടി. അതായത് പുതിയ വില 70.40 രൂപയാണ്. ജിഎസ്ടി വരുമ്പോള്‍ ഊണിന്റെ വില കുറയുകയാണ് വേണ്ടത്.

എസി റെസ്റ്റോറന്റില്‍ 350 രൂപ വിലയുള്ള ഫുള്‍ ചിക്കന് നിലവില്‍ 56 രൂപയാണ് നികുതി. ഇതു കഴിച്ചുള്ള 294 രൂപയ്ക്കു മേലാണ് 5 ശതമാനം ജിഎസ്ടി ചുമത്തേണ്ടത്. അപ്പോള്‍ വില 308.70 രൂപയായി കുറയും. ജിഎസ്ടിയുടെ ഭാഗമായി ഉപഭോക്താവിന് 42 രൂപയുടെ ലാഭമുണ്ടാകണം. എന്നാല്‍ പലേടത്തും ഇപ്പോള്‍ ചെയ്യുന്നത് 350 രൂപയ്ക്കു മേല്‍ 5 ശതമാനം നികുതി ചേര്‍ത്ത് 367 രൂപ ഈടാക്കുകയാണ്. ഇതു നിയമവിരുദ്ധമാണ് എന്നും തോമസ് ഐസക് പറഞ്ഞിരുന്നു.

ജി.എസ്.ടി നിലവില്‍ വന്ന് മൂന്ന് ദിവസം ആയതോടെയാണ് പദ്ധതി നടത്തിപ്പില്‍ കൂടതല്‍ പരാതികള്‍ ഉയരുന്നത്. ഹോട്ടല്‍ ഭക്ഷണത്തിന് ചെലവേറിയതാണ് കൂടുതല്‍ സാധാരണക്കാരെ വെട്ടിലാക്കിയത്. ഹോട്ടലുകള്‍ക്കു പുറമെ മറ്റു കച്ചവടക്കാരും ജി.എസ്.ടി ചൂഷണം ചെയ്യുന്നതായും പരാതിയുണ്ട്. എ.സി ഹോട്ടലുകളിലെ ഭക്ഷണത്തിന് 18 ശതമാനം നികുതി ഏര്‍പ്പെടുത്തിയത്. നോണ്‍ എ.സിയില്‍ ഇത് 12 മുതല്‍ 15 ശതമാനം വരെയാണ്. ഇത് മുഴുവന്‍ ഭക്ഷണം കഴിക്കുന്ന ആളുകളില്‍ നിന്നും ഈടാക്കുന്ന രീതിയാണ് കച്ചവടക്കാര്‍ സ്വകരിക്കുന്നത്.