മൊബൈൽ കുഞ്ഞിക്കണ്ണുകളിൽ കാൻസർ പടർത്തുമോ?; വ്യാജന്മാരെക്കുറിച്ച് വിശദീകരണവുമായി ഡോക്ടര്‍ നാരായണന്‍കുട്ടി വാര്യര്‍

വ്യാജ കാന്‍സര്‍ ചികിത്സകളെക്കുറിച്ചും ഭീതി പടര്‍ത്തുന്ന വ്യാജ വാര്‍ത്തകളെക്കുറിച്ചും തുറന്നു സംസാരിച്ച് കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്ററിന്റെ ഡയറക്ടര്‍ ഡോ. നാരായണന്‍കുട്ടി വാര്യര്‍. ‘ചന്ദ്രിക ഓണ്‍ലൈന്‍’ നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് ലോകത്തെ 12 കാന്‍സര്‍ വിദഗ്ദ്ധന്മാരില്‍ ഒരാളും എം.വി.ആര്‍ ക്യാന്‍സര്‍ ആന്റ് റിസര്‍ച്ച് സെന്ററിലെ മെഡിക്കല്‍ ഡയറക്ടറുമായ ഡോക്ടര്‍ നാരായണന്‍കുട്ടി വാര്യര്‍ തുറന്നു സംസാരിക്കുന്നു.

കാന്‍സര്‍ സംബന്ധിച്ച് സോഷ്യല്‍ മീഡിയകളില്‍ പടരുന്ന വ്യാജ വാര്‍ത്തകളെ കുറിച്ച് അഭിമുഖത്തിന്റെ 13-ാം മിനുറ്റില്‍ ഉന്നയിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഡോക്ടര്‍.
വീഡിയോ കാണാം


ആളുകളെ ഭയപ്പെടുത്തുകയോ പരിഭ്രാന്തരാക്കുകയോ ചെയ്യുന്ന പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇടുന്നത് ചിലരുടെ വിനോദമാണ്. ചിലര്‍ അത് വായിച്ചുനോക്കുക പോലും ചെയ്യാതെ ഫോര്‍വേഡ് ചെയ്യുന്നതായി ഡോക്ടര്‍ പറഞ്ഞു.

കുട്ടികളിലെ റെറ്റിന കാന്‍സറിനെ ചൊല്ലി എന്റെ പേരിലും ഇത്തരമൊരു വീഡിയോ പ്രചരിച്ചിരുന്നതായും വാര്യര്‍ ഡോക്ടര്‍ വിശദീകരിച്ചു. കുട്ടികള്‍ക്ക് കളിക്കാന്‍ ഗെയിമും മൊബൈലും കൊടുക്കുന്ന മാതാപിതാക്കള്‍ സൂക്ഷിക്കുക… കുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന റെറ്റിന ബ്ലാസ്േറ്റാമ എന്ന കാന്‍സര്‍ വടക്കന്‍ കേരളത്തില്‍ കൂടുകയാണ് എന്നായിരുന്നു പോസ്റ്റ്.

എന്നാല്‍ സത്യത്തില്‍ ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന റെറ്റിന കാന്‍സറിന് മൊബൈല്‍ കാഴ്ചയുമായി ഒരു ബന്ധവുമില്ല. അങ്ങനെ എവിടേയും ഞാന്‍ പറഞ്ഞിട്ടുമില്ല. ഇത്തരം കാന്‍സര്‍ കൂടിവരുന്നതായി ശ്രദ്ധയില്‍ പെട്ടപ്പോള്‍ പ്രതികരിച്ച വീഡിയോയുടെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് ആണ് ഇത്തരമൊരു നുണ കൂടി ചേര്‍ത്ത് ആരോ പ്രചരിപ്പിച്ചതെന്നു ഡോക്ടര്‍ പറഞ്ഞു. എട്ടുലക്ഷം പേരാണ് ഈ തട്ടിപ്പു വീഡിയോ കണ്ടത്. അതേസമയം സംഭവത്തിലെ വാസ്തവം വിശദീകരിച്ച് ഞാന്‍ പോസ്റ്റ് ഇട്ടപ്പോള്‍ കണ്ടത് 80 പേര്‍ മാത്രമാണെന്നും ഡോക്ടര്‍ പറഞ്ഞു. തുടര്‍ന്ന് മലയാളിയുടെ വ്യാജ കാന്‍സര്‍ ചികിത്സകളെ കുറിച്ചുള്ള വിമര്‍ശനവും ഡോക്ടര്‍ പങ്കുവെച്ചു.