മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങിനെ ഡിസ്ചാര്‍ജ് ചെയ്തു

ന്യൂഡല്‍ഹി: നെഞ്ചുവേദനയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിനെ ഡിസ്ചാര്‍ജ് ചെയ്തു. ഞായറാഴ്ച രാത്രിയാണ് ഡോ.സിങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

കാര്‍ഡിയോളജി വിഭാഗം പ്രൊഫസര്‍ ഡോ. നിതിഷ് നായികിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘമാണ് മുന്‍ പ്രധാനമന്ത്രിയെ ചികിത്സിച്ചിരുന്നത്. കോവിഡ് പരിശോധനയും നടത്തിയിരുന്നു. ഇതിന്റെ ഫലം നെഗറ്റീവാണ്. 1990ലും 2009ലും ഹൃദയശസ്ത്രക്രിയയ്ക്കു വിധേയനായിട്ടുണ്ട്.

നിരവധി രാഷ്ട്രീയ നേതാക്കള്‍ അദ്ദേഹത്തിന്റെ രോഗമുക്തിക്കായി പ്രാര്‍ത്ഥിച്ചിരുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സാമ്പത്തിക ശാസ്ത്രജ്ഞരില്‍ ഒരാളായ ഡോ.സിങ് പത്തു വര്‍ഷമാണ് പ്രധാനമന്ത്രിക്കസേരയില്‍ ഇരുന്നത്. നിലവില്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമാണ്.