കര്‍താര്‍പൂര്‍ ഇടനാഴി തുറന്നു; ഇംറാന്‍ ഖാന് നന്ദി പറഞ്ഞ് മോദി

ന്യൂഡല്‍ഹി: ഇന്ത്യയിലെയും പാകിസ്താനിലെയും സിഖ് ആരാധനാലയങ്ങളെ ബന്ധിപ്പിക്കുന്ന കര്‍താര്‍പൂര്‍ ഇടനാഴി തുറന്നു. പഞ്ചാബിലെ ഗുരുദാസ് പൂരിലെ ദേരാ ബാബാ നാനാക്കിലെ ചെക് പോസ്റ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക്കിസ്താന്‍ ഭാഗത്തെ ചെക്‌പോസ്റ്റ് പാക്ക് പ്രധാനമന്ത്രി ഇംറാന്‍ ഖാനും ഉദ്്ഘാടനം ചെയ്തു. ഗുരുനാനാക്കിന്റെ 550ാം ജയന്തി ദിനത്തിലാണ് സിഖ് മത വിശ്വാസികള്‍ക്കായി കര്‍താര്‍പൂര്‍ ഇടനാഴി തുറന്നുകൊടുത്തത്.
പഞ്ചാബിലെ ഗുര്‍ദാസ്പുരിലൂള്ള ദേര ബാബ നാനാക്കില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെ പാക്കിസ്താനിലെ നരോവല്‍ ജില്ലയിലെ കര്‍താര്‍പൂരിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാര വരെയാണ് ഇടനാഴി. സിഖ് മത സ്ഥാപകന്‍ ഗുരുനാനാക്ക് അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ് ഗുരുദ്വാര. ഇരുരാജ്യങ്ങളിലെയും സിഖ് മത വിശ്വാസികളുടെ ഏറെ നാളായുള്ള കാത്തിരിപ്പിനാണ് വിരാമമായിരിക്കുന്നത്. ദിവസവും അയ്യായിരും തീര്‍ഥാടകര്‍ക്ക് ഗുരുദ്വാര സന്ദര്‍ശിക്കാം.
ഉദ്ഘാടന ദിവസമടക്കം ഒരാളില്‍ നിന്ന് 20 രൂപ ഡോളര്‍ ഫീസ് ഈടാക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചത് വിവാദമായിരുന്നു.
ഉദ്ഘാടനത്തിന് മുന്‍പായി സുല്‍ത്താന്‍ പൂര്‍ ലോധിയിലെ ബേര്‍ സാഹിബ് ഗുരുദ്വാരയില്‍ പ്രധാനമന്ത്രി പ്രണാമമര്‍പ്പിച്ചു.
ഇന്ത്യയുടെ വികാരങ്ങളെ മാനിച്ചതിന് പാക്കിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന് മോദി നന്ദി അറിയിച്ചു. 500 പേരടങ്ങിയ ആദ്യ തീര്‍ത്ഥാടകസംഘത്തിന്റെ ഫഌഗ് ഓഫ് പ്രധാനമന്ത്രി നിര്‍വഹിച്ചു. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് തുടങ്ങിയവര്‍ ആദ്യ സംഘത്തിലുണ്ട്. പാകിസ്താനുമായി നല്ല ബന്ധമാണ് രാജ്യം ആഗ്രഹിക്കുന്നതെന്ന് അമരീന്ദര്‍ സിങ് പറഞ്ഞു. നടനും എപിയുമായ സണ്ണി ഡിയോള്‍, കേന്ദ്ര മന്ത്രിമാരായ ഹര്‍ദീപ് പുരി, കോണ്‍ഗ്രസ് നേതാവ് നവജോത് സിങ് സിദ്ധു തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ഏറെ നാളായി പൊതുപരിപാടികളില്‍ നിന്നും മാറികഴിയുകയായിരുന്നു നവജോത് സിങ് സിദ്ധു.

SHARE