തൊടുന്നതെല്ലാം വിവാദം; കെ.ടി ജലീല്‍ സി.പി.എമ്മിന് എന്നും തലവേദന

പി.എ അബ്ദുല്‍ ഹയ്യ്

മലപ്പുറം: മന്ത്രിപദത്തില്‍ കയറിയതു മുതല്‍ വിവാദങ്ങളുടെ കൂടെ നടന്ന മന്ത്രി കെ.ടി ജലീല്‍ വീണ്ടും പുതിയ കെണിയില്‍. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് മന്ത്രിയെ വിളിച്ച ഫോണ്‍ രേഖ പുറത്തായതോടെയാണ് പുതിയ വിവാദത്തില്‍ കുടുങ്ങിയത്. ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ട വിവരം മന്ത്രി സ്ഥിരീകരിച്ചതോടെ ന്യായീകരിക്കാനാവാതെ ഇടതുപക്ഷവും പ്രതിസന്ധിയിലായി. മന്ത്രി കെ.ടി ജലീലിനെ സ്വപ്‌ന ജൂണ്‍ മാസത്തില്‍ പലതവണ വിളിച്ചുവെന്നാണ് വിവരം. ഒമ്പത് തവണ മന്ത്രിയുമായി സ്വപ്‌ന സംസാരിച്ചതായുള്ള ഫോണ്‍ വിവരങ്ങളും പുറത്തായി. അതേസമയം, സ്വന്തം മണ്ഡലത്തിലെ നിര്‍ധനര്‍ക്ക് വിതരണം ചെയ്യാനുള്ള റമസാന്‍ കിറ്റ് വിതരണം ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കാനാണ് വിളിച്ചതെന്നാണ് മന്ത്രിയുടെ ന്യായം. റമസാന്‍ കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും റിലീഫുമായി ബന്ധപ്പെട്ടു വിളിച്ചു എന്ന പറയുന്നതിലുള്ള അവ്യക്തതയാണ് വിവാദങ്ങള്‍ക്ക് കൂടുതല്‍ മൂര്‍ച്ച കൂട്ടുന്നത്.

അതേസമയം മന്ത്രിയുടെ ജില്ലയായ മലപ്പുറത്ത് പാര്‍ട്ടി സഖാക്കള്‍ക്കിടയില്‍ വിഷയം വലിയ ചര്‍ച്ചയായിട്ടുണ്ട്. മന്ത്രിയുടെ നിരുത്തരവാദ നിലപാട് മൂലം പാര്‍ട്ടി വിവാദങ്ങളില്‍ വീഴുമ്പോള്‍ ന്യായീകരിച്ച മടുത്ത അവസ്ഥയാണ് മലപ്പുറം ജില്ലാ കമ്മിറ്റിക്കുള്ളത്. കെ.ടി ജലീലിന്റെ ബന്ധുവായ കെ.ടി അദീബ് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനം നല്‍കിയതോടെയാണ് മന്ത്രിയുടെ വിവാദ യാത്ര ആരംഭിക്കുന്നത്. ബന്ധുനിയമന വിവാദത്തില്‍ മന്ത്രിക്കെതിരെ കനത്ത പ്രതിഷേധമാണ് അന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നും പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും ഉയര്‍ന്നത്. തസ്തിക നിര്‍ദേശിക്കുന്ന യോഗ്യത അദീബിനുണ്ടായിരുന്നില്ല. നിയമനത്തിലുള്‍പ്പെടെ വ്യക്തമായ അട്ടിമറി നടന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ സംരക്ഷണ വലയത്തിലായത് കൊണ്ട് മാത്രമാണ് ജലീല്‍ ഈ വിവാദത്തില്‍ നിന്നും തിടിയൂരിയത്.

അതിനു ശേഷം മാര്‍ക്ക് ദാന വിവാദത്തിലും മന്ത്രിയകപ്പെട്ടു. എം.ജി സര്‍വകലാശാലയിലെ ബി.ടെക് വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്കുദാനം നടത്തിയതിലാണ് മന്ത്രിയുടെ ഇടപെടലുണ്ടായത്. ബി.ടെക് പരീക്ഷയില്‍ മാര്‍ക്കു കൂട്ടിനല്‍കാന്‍ അദാലത്തെടുത്ത തീരുമാനം ചട്ടവിരുദ്ധമായിരുന്നുവെന്ന് സിന്‍ഡിക്കേറ്റടക്കം അടിവരയിട്ടതോടെ മന്ത്രി പ്രതിരോധത്തിലായി. യുണിവേഴ്‌സിറ്റി മാര്‍ക്ക് ദാനം റദ്ദാക്കിയതോടെയാണ് ഈ വിവാദത്തില്‍നിന്നും മന്ത്രി തടിയൂരിയത്. കരിപ്പൂരിലെ ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ക്ലര്‍ക്കു നിയമനവുമായി ബന്ധപ്പെട്ടാണ് പിന്നീടുള്ള വിവാദം. ഈ തസ്തികയിലേക്ക് സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്നവരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഇത് പാലിക്കാതെ സര്‍ക്കാര്‍ ജീവനക്കാരിയല്ലാത്ത നിലമ്പൂര്‍ സ്വദേശിയായ വനിതയെ ക്ലാര്‍ക്കായി നിയമിച്ചതായിരുന്നു വിവാദം.

കോവിഡ് 19 കാലത്ത് പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ജലീല്‍ പിന്നീട് കുടുങ്ങിയത്. ലോകം മുഴുവന്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കെ പ്രവാസികളെ തിരികെക്കൊണ്ടുവരുന്നതിന് പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ടെന്ന മന്ത്രിയുടെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ലക്ഷക്കണക്കിന് മലയാളികളാണ് വിദേശത്ത് ജോലിചെയ്യുന്നത്. അവരെ സംബന്ധിച്ച് നാട്ടില്‍വരുകയെന്നത് വലിയ സ്വപ്‌നമാണ്. അവര്‍ക്ക് പ്രതീക്ഷ പകരേണ്ട മന്ത്രി തന്നെ ഇക്കാര്യത്തില്‍ നിരുത്സാഹ നിലപാട് തുടര്‍ന്നതോടെ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ എതിര്‍പ്പുകളുയര്‍ന്നു. എന്നാല്‍ രണ്ടര ലക്ഷം ബെഡുകള്‍ റെഡിയാണെന്ന് പച്ചക്കള്ളം പറഞ്ഞാണ് മന്ത്രി ഈ കറ കഴുകിയത്.
തുടര്‍ച്ചയായ വിവാദങ്ങളില്‍ അകപ്പെട്ട് പാര്‍ട്ടിയുടെ ഇമേജിനെ കളങ്കപ്പെടുത്തിയ മന്ത്രിക്കെതിരെ സ്വന്തം മണ്ഡലത്തില്‍ നിന്നു തന്നെ വലിയ എതിര്‍പ്പാണ് ഉയര്‍ന്നിരുന്നത്. പാര്‍ട്ടി പ്രാദേശിക നേതൃത്വം പലഘട്ടങ്ങളില്‍ മന്ത്രിയെ തള്ളിപ്പറഞ്ഞിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ സംരക്ഷണമുള്ളത് മാത്രമാണ് ഇതുവരെ സീറ്റില്‍ തുടര്‍ന്നത്. പാര്‍ട്ടി പ്രതിരോധത്തിലകപ്പെട്ട സ്വര്‍ണക്കടത്ത് വിഷയത്തിലും ജലീല്‍ അകപ്പെട്ടതോടെ മന്ത്രിയുടെ കസേരക്കിളക്കം തട്ടാന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.