ഡോ.കഫീല്‍ ഖാന്റെ അമ്മാവന്‍ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

ഡോക്ടര്‍ കഫീല്‍ ഖാന്റെ അമ്മാവന്‍ നുസ്‌റത്തുല്ലാ വര്‍സി വെടിയേറ്റ് മരിച്ചു. ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂരിലുള്ള വീടിന് സമീപം വച്ചാണ് വെടിയേറ്റത്. ആരാണ് വെടിവച്ചത് എന്ന് വ്യക്തമല്ല. പ്രതികളെ പിടികൂടാന്‍ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. മുമ്പ് കഫീല്‍ ഖാന്റെ സഹോദരനും വെടിയേറ്റിരുന്നു.

പ്രഥമദൃഷ്ട്യാ സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായി കരുതുന്നതെന്ന് ഗോരഖ്പൂര്‍ എസ്പി സുനില്‍ ഗുപ്ത പറഞ്ഞു. ബന്ധുക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു. പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തുവെന്നും എസ്പി പറഞ്ഞു. ശനിയാഴ്ച രാത്രി 11 മണിക്കാണ് കൊലപാതകം നടന്നത് എന്നാണ് സൂചന.കഫീല്‍ ഖാന്റെ ഇളയ സഹോദരന്‍ കാഷിഫ് ജമീലിന് സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് 2018ല്‍ വെടിയേറ്റിരുന്നു. ബി.ജെ.പി എംപി കമലേഷ് പാസ്വാനാണ് സഹോദരനെ ആക്രമിച്ചതിന് പിന്നില്‍ എന്ന് കഫീല്‍ ഖാന്‍ ആരോപിച്ചിരുന്നു.

അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത് പ്രസംഗിച്ചതിന് കഫീല്‍ ഖാനെതിരെ കേസെടുത്തിരുന്നു. ഈ കേസില്‍ ജാമ്യം കിട്ടിയ ഉടനെ ദേശീയ സുരക്ഷാ നിയമ പ്രകാരം വീണ്ടും അറസ്റ്റ് ചെയ്ത് കഫീലിനെ ജയിലില്‍ അടയ്ക്കുകയായിരുന്നു. ഇപ്പോള്‍ ജയിലിലാണ് അദ്ദേഹം.

SHARE