സ്വത്തിനായി ഭീഷണിപ്പെടുത്തി, അവര്‍ക്ക് പത്താം ക്ലാസ് യോഗ്യത പോലുമുണ്ടോ എന്ന് സംശയം; സ്വപ്‌നയ്‌ക്കെതിരെ സഹോദരന്‍

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലെ സൂത്രധാരയെന്ന് സംശയിക്കുന്ന സ്വപ്‌ന സുരേഷിനെതിരെ സഹോദരന്‍ ബ്രൈറ്റ് സുരേഷ്. സ്വപ്‌ന പത്താം ക്ലാസ് പോലും പാസായോ എന്ന് സംശയമുണ്ടെന്നും സ്വത്തിനായി അവര്‍ തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അമേരിക്കയിലുള്ള ബ്രൈറ്റ് സുരേഷ് ആരോപിച്ചു.

സ്വപ്ന ഉന്നത വിദ്യാഭ്യാസം നടത്തിയ കാര്യത്തെക്കുറിച്ച് അറിയില്ല. കുടുംബ സ്വത്തിനെ ചൊല്ലി സ്വപ്ന കുടുംബത്തിനും തനിക്കുമെതിരേ നേരത്തെ വധഭീഷണി മുഴക്കിയിരുന്നു. കൈയും കാലും വെട്ടുമെന്നടക്കം സഹോദരി ഭീഷണിപ്പെടുത്തി. പിന്നീട് സ്വപ്നയുമായി സംസാരിച്ചിട്ടില്ല. ഇതിന് ശേഷം നാട്ടിലേക്ക് വന്നിട്ടില്ലെന്നും ബ്രൈറ്റ് സുരേഷ് പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന ഉള്‍പ്പെട്ട വാര്‍ത്ത അറിഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ല. എറെക്കാലമായി രാഷ്ട്രീയക്കാരുമായും ഉന്നതരുമായും സ്വപ്നയ്ക്ക് ബന്ധമുണ്ട്. ഉന്നത സ്വാധീനം കൊണ്ടാകാം യുഎഇ കോണ്‍സുലേറ്റില്‍ സ്വപ്‌നയ്ക്ക് ജോലി കിട്ടിയത്. 2016ലാണ് സ്വപ്‌നയെ അവസാനമായി കണ്ടത്. സഹോദരിയുമായി ഒരു ബന്ധവും ഇപ്പോഴില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയിലെ ബാബാ സാഹിബ് അംബേദ്കര്‍ ടെക്‌നോളജിക്കല്‍ സര്‍വകലാശാലയില്‍ നിന്ന് 2011ല്‍ ബികോം എടുത്തുവെന്ന രേഖയാണ് കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലെ ജോലിക്കായി സ്വപ്‌ന സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ തൊഴില്‍ പോര്‍ട്ടലില്‍ നല്‍കിയ ബയോഡാറ്റ ഫയലില്‍ ബിരുദമെടുത്ത സ്ഥാപനത്തിന്റെ പേരുണ്ടായിരുന്നില്ല.

SHARE