അവധിക്കാലത്ത് കുട്ടികളെ ഓഫീസില്‍ ഇരുത്തരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: അവധിക്കാലത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ കുട്ടികളെ ഓഫീസില്‍ കൊണ്ടിരുത്തി ഓഫീസ് പ്രവര്‍ത്തനം അവതാളത്തിലാക്കാതിരിക്കാനാവശ്യമായ ഉത്തരവിറക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് ചീഫ് സെക്രട്ടറിക്കാണ് ഉത്തരവ് നല്‍കിയത്.
ഉത്തരവിറക്കിയ ശേഷം 30 ദിവസത്തിനകം നടപടി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. സാധാരണക്കാര്‍ തങ്ങളുടെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനാണ് സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്നത്. അവധികാലമായതോടെ ഉദേ്യാഗസ്ഥരുടെ കസേരയും മേശയും കൈയ്യടക്കുന്നത് കുട്ടികളാണെന്ന് പരാതിയുണ്ട്്. ഉദേ്യാഗസ്ഥര്‍ക്ക് അനുവദിച്ചിരിക്കുന്ന കമ്പ്യൂട്ടറും മറ്റും ഉപയോഗിക്കുന്നതും കുട്ടികളാണ്.
ഫയല്‍ ബോര്‍ഡുകളും സര്‍ക്കാര്‍ പേപ്പറുമാണ് കുട്ടികള്‍ക്ക് പടം വരയ്ക്കാന്‍ നല്‍കുന്നത്. ഓഫീസിലെ പരിമിതമായ സമയം ഉദേ്യാഗസ്ഥര്‍ കുട്ടികളെ നോക്കാന്‍ ചെലവഴിക്കുകയാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ ഷെഫിന്‍ കവടിയാര്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. അവധി ദിവസങ്ങളില്‍ കുട്ടികളെ ഓഫീസില്‍ കൊണ്ടിരുത്തുന്നതിന് പകരം അവരുടെ സര്‍ഗാത്മകത പരിപോഷിപ്പിക്കുന്നതിനുള്ള വിവിധതരം പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.