നടി ആക്രമിക്കപ്പെട്ട കേസ്: കുറ്റസമ്മത മൊഴി വിചാരണയില്‍ പരിഗണിക്കരുതെന്ന് പള്‍സര്‍ സുനി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തിന് നല്‍കിയ കുറ്റസമ്മത മൊഴി വിചാരണയില്‍ പരിഗണിക്കരുതെന്ന് ഒന്നാം പ്രതി സുനില്‍കുമാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കി. അപേക്ഷ അടുത്ത മാസം ഒന്നാം തിയതി പരിഗണിക്കും.

അതേസമയം, പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിലെ പ്രതിയായ അഭിഭാഷകന്‍ രാജു ജോസഫിന്റെ വിടുതല്‍ ഹര്‍ജിയിലും കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. പ്രതിയായ സുനില്‍ കുമാറിന് നിയമ സഹായം നല്‍കുക മാത്രമാണ് ചെയ്തതെന്നും അതുകൊണ്ട് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണം എന്നാണ് രാജു ജോസഫിന്റെ വാദം.