ഇന്ത്യയുടെ ഭൂമി ചൈന കയ്യേറി; രാഷ്ട്രീയ ജീവിതം ഇല്ലാതായാലും സത്യം പറയുമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ചൈന ഇന്ത്യന്‍ ഭൂപ്രദേശം കൈവശപ്പെടുത്തിയിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈന-ഇന്ത്യ അതിര്‍ത്തി പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാറെ വിമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യം ചെയ്തുമുളള തന്റെ വീഡിയോ പരമ്പരയിലെ നാലാമത്തെ ഭാഗവും പുറത്തുവിട്ട് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചിലര്‍ പച്ചക്കള്ളം പറയുകയാണ് എന്നാല്‍ ഇക്കാര്യം പറയുന്നതിലൂടെ തന്റെ രാഷ്ട്രീയ ജീവിതത്തിന് വില നല്‍കേണ്ടിവന്നാലും ജനങ്ങളോട് ഞാന്‍ സത്യം പറയുമെന്നും രാഹുല്‍ പറഞ്ഞു. സത്യം മറച്ചുവയ്ക്കുന്നതും ഭൂമി സ്വന്തമാക്കാന്‍ അവരെ അനുവദിക്കുന്നതും ദേശവിരുദ്ധമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ലഡാക്ക് അതിര്‍ത്തിയില്‍ നിന്നും ചൈന പിന്മാറിയില്ലെന്ന തെളിയിക്കുന്ന സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നരിക്കെയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രംഗത്തെത്തിയത്.

ഇന്ത്യൻ മണ്ണിൽ ചൈന പ്രവേശിച്ചിട്ടില്ലെന്നും ചൈനീസ് സേന മടങ്ങിയെന്നും കേന്ദ്ര സർക്കാർ പറയുമ്പോൾ ഈ വാദങ്ങൾ തള്ളുകയാണ് രാഹുല്‍ ഗാന്ധി.

‘ഞാൻ സാറ്റലൈറ്റ് ചിത്രങ്ങൾ കണ്ടു, മുന്‍ സൈനിക ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്തു. ചൈന ഇന്ത്യന്‍ മണ്ണിലേക്ക് കടന്നുകയറിയിട്ടില്ല എന്ന് ഞാന്‍ നുണപറയണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്. എന്റെ കരിയര്‍ നശിക്കുമെങ്കിൽ പോലും ഞാന്‍ നുണ പറയാനില്ല. തുറന്നുപറഞ്ഞാൽ, ഇത് എന്നെ രാഷ്ട്രീയമായി ബാധിക്കുമോ അതോ ഇതിനുശേഷം എനിക്ക് ഒരു രാഷ്ട്രീയ ജീവിതം ഉണ്ടാകില്ലെന്നോ ഞാൻ കാര്യമാക്കുന്നില്ല. ഇന്ത്യയുടെ ഭൂമിയെ സംബന്ധിച്ചിടത്തോളം ഞാൻ സത്യം പറയും. ഇന്ത്യയുടെ മണ്ണിലേക്ക് ചൈന കടന്നുകയറിയെന്നത് സത്യമായ കാര്യമാണെന്നും ചൈനയുടെ കടന്നുകയറ്റം  തന്റെ ചോര തിളപ്പിക്കുന്നുവെന്നും  രാഹുല്‍ ഗാന്ധി പറഞ്ഞു.

കള്ളം പറയുന്നവരും ചൈനക്കാർ ഇന്ത്യൻ ഭൂമി കൈവശപ്പെടുത്തിയിട്ടില്ലെന്ന് പറയുന്നവരുമായ ആളുകൾ രാജ്യസ്നേഹമില്ലാത്തവരാണെന്ന് ഞാൻ കരുതുന്നു, രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ചൈനയുമായുള്ള ബന്ധത്തെക്കുറിച്ച് ആളുകള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന രീതിയിലാണ് രാഹുലിന്റെ വീഡിയോ. 

കഴിഞ്ഞയാഴ്ച സമാനമായ ഒരു വീഡിയോ സന്ദേശത്തില്‍ ചൈനയുടെ സ്ഥിതി കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് കാഴ്ചപ്പാടില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു.

ചൈനയുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുമ്പോള്‍ അന്താരാഷ്ട്ര കാഴ്ചപ്പാട് ആവശ്യമാണ്. വിശാലമായ കാഴ്ചപ്പാടാണ് വേണ്ടത്. എന്നാല്‍ ഇത്തരത്തില്‍ വ്യക്തമായ കാഴ്ചപാട് സര്‍ക്കാരിനില്ലാത്തത് ചൈന മുതലെടുക്കുന്നു. ഒരു മനുഷ്യന്റെ പ്രതിച്ഛായ ദേശീയ കാഴ്ചപ്പാടിന് പകരം വയ്ക്കാനാകില്ലെന്നും, ജനങ്ങളുമായി സംവദിക്കുന്നതിനുള്ള തന്റെ വീഡിയോ പരമ്പരയിലെ മൂന്നാം ഭാഗത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

”പ്രധാനമന്ത്രി 100% സ്വന്തം ഇമേജ് കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്ത്യയിലെ സ്ഥാപനങ്ങളെല്ലാം ഈ ജോലി ചെയ്യുന്ന തിരക്കിലാണ്. ഒരാളുടെ പ്രതിച്ഛായ ദേശീയ കാഴ്ചപ്പാടിന് പകരമാവില്ല, ” തന്റെ വീഡിയോ സന്ദേശത്തില്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

നേരത്തെ അഞ്ച് വാദങ്ങൾ ഉയർത്തി ചൈനീസ് സേന ഇന്ത്യൻ മണ്ണിൽ നിന്ന് മടങ്ങിയിട്ടില്ലെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. 

Read More: ലഡാക്കില്‍ എല്ലാം പഴയപടി; ചൈന വാക്കു പാലിച്ചില്ലെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത്