ഇന്ത്യയുടെ ദേശീയ പതാകയില്‍ അശോക ചക്രത്തിന് പകരം താമര വന്നാല്‍ അതില്‍ ആശ്ചര്യപ്പെടാനില്ലെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് ജെയ്വീര്‍ ഷെര്‍ഗില്‍. ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്‍ പുതുതായി താമര ചിഹ്നം പ്രത്യക്ഷപ്പെട്ടുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതി അഭിഭാഷകന്‍ കൂടിയായ ജെയ്വീറിന്റെ മുന്നറിയിപ്പ്.
വിശദീകരിക്കാനാകാത്ത കാരണങ്ങളാല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്‍ താമര ചിഹ്നം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആര്‍എസ്എസ് ത്രിവര്‍ണ്ണത്തിന് എതിരാണ്.
അതിനാല്‍ തന്നെ ബിജെപിയുടെ താമര ചിഹ്നം നമ്മുടെ ദേശീയ പതാകയില്‍ അശോക ചക്രത്തിന് പകരമായി ഉപയോഗിച്ചാല്‍ ആരും ആശ്ചര്യപ്പെടരുത്. ജെയ്വീര്‍ ഷെര്‍ഗില്‍ ട്വീറ്റ് ചെയ്തു. മൃഗീയമായ ഭൂരിപക്ഷം യഥാര്‍ത്ഥ ഇന്ത്യയെയും അതിന്റെ മൂല്യങ്ങളെയും ക്രൂരമായി നശിപ്പിക്കുകയാണെന്ന് പറയേണ്ടി വരുന്നതില്‍ ദുഃഖമുണ്ടെന്നും, ജെയ്വീര്‍ കുറിച്ചു
അതേസമയം, സുരക്ഷ നടപടികളുടെ ഭാഗമായാണ് പാസ്‌പോര്‍ട്ടില്‍ താമര ചിഹ്നം പതിപ്പിച്ചതെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി. വ്യാജപാസ്‌പോര്‍ട്ടുകള്‍ കണ്ടെത്താനും സുരക്ഷയ്ക്കും വേണ്ടിയാണ് നടപടിയെന്നും ദേശീയ ചിഹ്നമായ താമരയാണ് ഉപയോഗിച്ചതെന്നും വിദേശകാര്യ വക്താവ് രവിഷ് കുമാര്‍ വ്യക്തമാക്കി.
പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ പുതുതായി വിതരണത്തിനെത്തിയ ബുക്ക്‌ലെറ്റുകളില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര അടയാളപ്പെടുത്തിയതാണ് വിവാദമായത്. പാസ്‌പോര്‍ട്ട് ഓഫീസറുടെ ഒപ്പും സീലും വെക്കുന്ന പേജിലാണ് ദീര്‍ഘചതുരത്തിലുള്ള കള്ളിയില്‍ താമര രേഖപ്പെടുത്തിയത്. ഇത് എന്തിനാെണന്ന് സംശയം ചോദിക്കുന്നവരോട് കൃത്യമായ മറുപടിപറയാനാവാതെ ജീവനക്കാര്‍ കുഴങ്ങുകയാണ്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പുചിഹ്നം രേഖപ്പെടുത്തിയതാണ് പലരിലും സംശയം ജനിപ്പിക്കുന്നത്. മുമ്പുനല്‍കിയിരുന്ന പാസ്‌പോര്‍ട്ടില്‍ ഓഫീസര്‍ ഒപ്പിടുന്ന രണ്ടാമത്തെ പേജിന്റെ താഴെഭാഗം ശൂന്യമായിരുന്നു. ഇപ്പോള്‍ ഈ പേജിന്റെ താഴത്താണ് ദീര്‍ഘചതുരത്തില്‍ താമരയുള്ളത്.
പാസ്‌പോര്‍ട്ടില്‍ ആളുടെ പേര്, വിലാസം തുടങ്ങിയവ എഴുതുന്ന ഭാഗത്തും മാറ്റമുണ്ട്. മുമ്പ് ഇതിനെല്ലാം പ്രത്യേകം കോളമുണ്ട്. ഇപ്പോള്‍ ഇത് നീക്കംചെയ്തിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ ആദ്യം ബെംഗളൂരു പാസ്‌പോര്‍ട്ട് ഓഫീസിലാണ് പുതിയ കോഡുകളുള്ള പാസ്‌പോര്‍ട്ട് ബുക്ക്‌ലെറ്റ് എത്തിയത്. കേരളത്തില്‍ കൊച്ചിയില്‍ നവംബര്‍ അവസാനവാരത്തിലാണ് വിതരണം തുടങ്ങിയത്. ഇപ്പോള്‍ രാജ്യത്തെ 36 പാസ്‌പോര്‍ട്ട് ഓഫീസുകളിലും ഇതാണ് ഉപയോഗിക്കുന്നത്.