കോവിഡ് ഭീതിക്കിടയിലും ആണവ പരീക്ഷണത്തിന് സാധ്യത തേടി ട്രംപ്

1992 ന്് ശേഷം വീണ്ടും യു.എസ് ആണവ പരീക്ഷണത്തിനുള്ള തയ്യാറെടുപ്പിലെന്ന് സൂചന. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പരീക്ഷണം നടത്താനുള്ള സാധ്യതകള്‍ തേടിയതായി വാഷിങ്ടന്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. പേരു വെളിപ്പെടുത്താത്ത മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥനെയും ആണവ പരീക്ഷണവുമായി ബന്ധമുള്ള രണ്ട് മുന്‍ ഉദ്യോഗസ്ഥരെയും ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ട്.

റഷ്യയും ചൈനയും ചെറിയ തോതിലുള്ള ആണവ പരീക്ഷണങ്ങള്‍ നടത്തുന്നതായി മേയ് 15നു ചേര്‍ന്ന രാജ്യസുരക്ഷാ ഏജന്‍സികളുടെ യോഗത്തില്‍ ചര്‍ച്ചയായിരുന്നു. രാജ്യത്തെ വിവിധ സുരക്ഷാ ഏജന്‍സികളുടെ തലവന്മാരായിരുന്നു യോഗത്തില്‍ പങ്കെടുത്തത്. എന്നാല്‍ ആണവ പരീക്ഷണം നടത്തുന്നതില്‍ തീരുമാനമാകാതെയാണു യോഗം പിരിഞ്ഞത്. റഷ്യയുടെയും ചൈനയുടെയും പ്രകോപനങ്ങള്‍ക്ക് ആണവ പരീക്ഷണത്തിലൂടെയല്ലാതെ മറുപടി നല്‍കാനാണു നിലവിലെ തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ തുടര്‍ ചര്‍ച്ചകളുടെ സാധ്യത തള്ളിക്കളഞ്ഞിട്ടുമില്ല.

അതേസമയം ആണവ പരീക്ഷണം നടത്തിയെന്ന ആരോപണം ചൈനയും റഷ്യയും തള്ളിയിട്ടുണ്ട്. യുഎസാകട്ടെ ഇതു സംബന്ധിച്ച തെളിവും പുറത്തുവിട്ടിട്ടില്ല. എന്നാല്‍ 28 വര്‍ഷത്തിനു ശേഷം ആണവ പരീക്ഷണത്തെപ്പറ്റി യുഎസ് ചിന്തിച്ചതു ഗൗരവതരമായ തുടര്‍ ചര്‍ച്ചകള്‍ക്കു വിധേയമാക്കേണ്ട വിഷയമാണെന്നാണു നിരീക്ഷകര്‍ പറയുന്നത്.ട്രംപിന്റെ ആണവ പരീക്ഷണം പുതിയൊരു ശീതയുദ്ധത്തിലേക്കായിരിക്കും നയിക്കുകയെന്ന് ആണവായുധങ്ങള്‍ക്കെതിരെ നിലകൊള്ളുന്ന കൂട്ടായ്മയായ ഐസിഎഎന്‍ അംഗം ബിയാട്രിസ് ഫിന്‍ പറയുന്നു.

SHARE