കയറ്റുമതി നിരോധിച്ച ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് മോദിയോട് ആവശ്യപ്പെട്ടെന്ന് ട്രംപ്

വാഷിങ്ടണ്‍: കൊറോണവൈറസ് മഹാമാരി ബാധിച്ച് അമേരിക്കയില്‍ മരണസംഖ്യ കുതിച്ചുയരുന്നതിനിടെ രോഗ ചികിത്സയ്ക്കായി വിവിവാദ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഇന്ത്യയോട് നല്‍കണമെന്നഭ്യര്‍ഥിച്ച് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്. മലേറിയ ചികിത്സക്കുപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കയറ്റുമതി ഇന്ത്യ നിരോധിച്ചിരിക്കെയാണ് മരുന്ന് ആവശ്യപ്പെട്ട് ട്രംപ് തന്നെ രംഗത്തെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ ഈ ആവശ്യം ഉന്നയിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ പറഞ്ഞു. അമേരിക്കക്ക് വേണ്ടി കയറ്റുമതി നിരോധനത്തില്‍ ഇളവ് വരുത്തണമെന്നാണ് മോദിയോട് ട്രംപ് ആവശ്യപ്പെട്ടത്.

മോദിയുമായി സംസാരിച്ചെന്നും അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് മരുന്നിന്റെ കയറ്റുമതിയിലേര്‍പ്പെടുത്തിയിരിക്കുന്ന നിരോധനത്തില്‍ ഇളവനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചതായും വൈറ്റ് ഹൗസില്‍ നടന്ന കൊറോണവൈറസ് ടാസ്‌ക് ഫോഴ്‌സിന്റെ അവലോക യോഗത്തില്‍ ട്രംപ് വെളിപ്പെടുത്തി. കോവിഡ് 19 പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ട്രംപ് ഉയര്‍ത്തിക്കാട്ടുന്ന മരുന്നാണ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍. എന്നാല്‍ ആരോഗ്യവിദഗ്ധര്‍ പലരും ഇതിനെതിരെ രംഗത്തെത്തുകയും ഉണ്ടായിട്ടുണ്ട്. ഇതിനിടെ ട്രംപ് പറഞ്ഞ മരുന്ന് കഴിച്ച് യുഎസില്‍ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.

അതേസമയം, ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചാല്‍ താനും ഈ മരുന്ന് കഴിക്കാന്‍ തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കി. ഇന്ത്യ ഈ മരുന്ന് കൂടുതല്‍ നിര്‍മിക്കുന്നുണ്ട്. എന്നാല്‍ അവിടുത്തെ കോടിക്കണക്കിന് വരുന്ന ജനങ്ങള്‍ക്ക് വേണ്ടി അവര്‍ക്ക് ഒരുപാട് മരുന്ന് ആവശ്യമുണ്ട്. സ്ട്രാറ്റജിക് നാഷണല്‍ സ്റ്റോക്ക്‌പൈല്‍ മുഖേന മരുന്ന് രാജ്യത്ത് വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ട്രംപുമായി ഫോണ്‍ സംഭാഷണം നടത്തിയ കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ സംബന്ധിച്ച കാര്യം മോദി ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നില്ല.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വിശദമായി ടെലഫോണില്‍ സംസാരിച്ചു. വളരെ നല്ലൊരു ചര്‍ച്ച ഞങ്ങള്‍ നടത്തി. കോവിഡ് 19 നെ നേരിടാന്‍ ഇന്ത്യ- യുഎസ് പങ്കാളിത്തത്തിന്റെ മുഴുവന്‍ കഴിവും പ്രയോജനപ്പെടുത്താമെന്ന് ഇരുവരും ധാരണയിലെത്തിയെന്നാണ് മോദിയുടെ ട്വീറ്റില്‍ പറയുന്നത്.

കോവിഡ് ചികിൽസക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ അല്ലെങ്കിൽ ക്ലോറോക്വിൻ നല്ലതാണെന്ന യു.എസ്. പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചതോടെ ആളുകൾ വ്യാപകമായി ഇവ വാങ്ങി ഉപയോഗിച്ചിരുന്നു. ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗത്തിനെതിരെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ രംഗത്തെത്തിയിരുന്നു. വലിയതോതിലുളള പരീക്ഷണത്തിലൂടെ മാത്രമേ ഇത് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമോ എന്ന നിഗമനത്തില്‍ എത്താന്‍ കഴിയുകയുളളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.

കോവിഡ് രോഗ ചികിത്സയ്ക്കായി മലേറിയക്കുള്ള മരുന്ന് കഴിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാറും മുന്നറിയിപ്പ് നല്‍കിയിരുന്നു. കോവിഡ് വരാതെ തടഞ്ഞുനിര്‍ത്തുന്നതിനുളള പ്രിവന്റിവ് മരുന്നായി മലേറിയ രോഗത്തിനുളള ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ആരോഗ്യ പ്രവർത്തകർ ഉപയോഗിക്കുന്നതിന് ഇന്ത്യ അനുമതി നല്‍കിയിരുന്നു. എന്നാൽ, ഇത് ദുരുപയോഗം ചെയ്ത് ആളുകൾ ധാരാളമായി ഈ മരുന്ന് വാങ്ങുന്ന സാഹചര്യത്തിലാണ് പാർശ്വഫലത്തെ കുറിച്ചുള്ള മുന്നറിയിപ്പുമായി കേന്ദ്രം രംഗത്തെത്തിയത്.