‘വീണ്ടും പ്രസിഡന്റാവാന്‍ സഹായിക്കണം’; ചൈനക്ക് മുന്നില്‍ കേണപേക്ഷിച്ച് ട്രംപ്

വാഷിങ്ടന്‍: രണ്ടാം വട്ടവും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാന്‍ തന്നെ സഹായിക്കാന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങിനോട് സഹായം തേടിയതായി റിപ്പോര്‍ട്ട്. പ്രസിഡന്റ് സ്ഥാനത്തേക്കു താന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടാനായി ചൈന യു.എസിന്റെ കൈയില്‍നിന്ന് കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടതെന്ന് യുഎസ് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ പുതിയ പുസ്തകത്തില്‍ പറയുന്നു. ട്രംപിനെക്കുറിച്ചും വൈറ്റ് ഹൗസിനെക്കുറിച്ചുമുള്ള തന്റെ അനുഭവങ്ങളടങ്ങിയ പുസ്തകം അടുത്തയാഴ്ച ബോള്‍ട്ടന്‍ പ്രസിദ്ധീകരിക്കും.

ജപ്പാനിലെ ഒസാകയില്‍ ജി 20 ഉച്ചകോടിയുടെ ഭാഗമായി ട്രംപും ചിന്‍പിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. ആ യോഗത്തിലാണ് ട്രംപ് ചിന്‍പിങ്ങിനോട് അപേക്ഷിച്ചതെന്ന് ബോള്‍ട്ടന്‍ പറയുന്നു. വീണ്ടും തിരഞ്ഞെടുക്കപ്പെടേണ്ടതിനുള്ള പദ്ധതികളാണ് ട്രംപിന്റെ ഓരോ നടപടിയും പ്രഖ്യാപനങ്ങളുമെന്നും ബോള്‍ട്ടന്‍ കൂട്ടിച്ചേര്‍ത്തു.

‘കര്‍ഷകരുടെ പ്രാധാന്യം ട്രംപ് എടുത്തുപറഞ്ഞു. യുഎസിലെ കര്‍ഷകര്‍ക്കായി തിരഞ്ഞെടുപ്പ് ഫലം മുന്നില്‍ക്കണ്ട് ചൈനയില്‍നിന്ന് സോയാബീനുകളും ഗോതമ്പും വാങ്ങുന്നത് വര്‍ധിപ്പിച്ചു. വ്യാപാര ചര്‍ച്ചകളില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പ്രാധാന്യം നല്‍കി’ പുസ്‌കത്തില്‍ ബോള്‍ട്ടന്‍ പറയുന്നു.അതേസമയം, പുസ്തകം പ്രസിദ്ധീകരിക്കുന്നതു തടയാന്‍ ട്രംപ് ഭരണകൂടം ശ്രമിക്കുകയാണ്. വാഷിങ്ടന്‍ ഡറല്‍ ജഡ്ജിയോട് പുസ്തകം നിരോധിക്കാന്‍ അടിയന്തര ഉത്തരവ് ഇറക്കണമെന്ന് ബുധനാഴ്ച രാത്രിയും ആവശ്യപ്പെട്ടിരുന്നു.

SHARE