മുസ്‌ലിം വിരുദ്ധ നീക്കം ശക്തിപ്പെടുത്തി ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് പദം ഏറ്റെടുത്ത് ഒരാഴ്ച പിന്നിടും മുമ്പെ മുസ്്‌ലിം വിരോധത്തിന്റെ കെട്ടഴിച്ച് ഡൊണാള്‍ഡ് ട്രംപ്. മുസ്്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്ന എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ യു.എസ് പ്രസിഡണ്ട് ഒപ്പുവെച്ചു. ബുധനാഴ്ച യു.എസ് ഇമിഗ്രേഷന്‍ നടപടികള്‍ കൈകാര്യം ചെയ്യുന്ന ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിലെ ഉദ്യോഗസ്ഥരുമായി സംസാരിക്കവെയാണ് ഉത്തരവില്‍ ഒപ്പുവെച്ച കാര്യം ട്രംപ് വ്യക്തമാക്കിയത്.
ദേശ സുരക്ഷക്കായി നാളെ വലിയ പദ്ധതികള്‍, പല കാര്യങ്ങള്‍ക്കുമൊപ്പം നമ്മള്‍ മതില്‍ പണിയും എന്ന കുറിപ്പ് ചൊവ്വാഴ്ച രാത്രി ട്രംപ് ട്വിറ്ററില്‍ പോസ്റ്റു ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നിയന്ത്രണം പ്രഖ്യാപിച്ചത്. എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ പ്രകാരം ഇറാഖ്, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ത്ഥികളെ അടുത്ത 120 ദിവസത്തേക്ക് യു.എസ് സ്വീകരിക്കില്ല. 30 ദിവസത്തേക്ക് ഈ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റ, കുടിയേറ്റേതര വിസാ അപേക്ഷകളിന്മേലുള്ള എല്ലാ ഇമിഗ്രേഷന്‍ നടപടികളും നിര്‍ത്തിവെക്കാനും ഉത്തരവില്‍ പറയുന്നു.
അഭയാര്‍ത്ഥികള്‍ ആ രാജ്യത്ത് മതന്യൂനപക്ഷങ്ങളാണെങ്കില്‍ ചില ഇളവുകള്‍ നല്‍കുമെന്ന് ഉത്തരവില്‍ പറയുന്നു. സിറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ക്രൈസ്തവ വിശ്വാസികളെ ഉദ്ദേശിച്ചാണ് ഈ ഇളവെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
അന്ധമായ നയമാണ് ട്രംപിന്റേതെന്നും അമേരിക്കയെ സുരക്ഷിതമാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇത് ഒരു സംഭാവനയും നല്‍കില്ലെന്നും യു.എസിലെ മുസ്്‌ലിം വിഭാഗക്കാരുടെ നേതാവായ നിഹാദ് അവാദ് പറഞ്ഞു. ലോകത്തിനു മുന്നില്‍ അമേരിക്കയേയും അമേരിക്കന്‍ ജനതയേയും കുറിച്ചുള്ള ഭയം വര്‍ധിപ്പിക്കാന്‍ മാത്രമേ ഇത് സഹായിക്കൂവെന്നും കൗണ്‍സില്‍ ഓഫ് അമേരിക്കന്‍ ഇസ്്‌ലാമിക് റിലേഷന്‍ എക്‌സിക്യൂട്ടീവ് ഡയരക്ടറായ നിഹാദ് അവാദ് കൂട്ടിച്ചേര്‍ത്തു.
2016 സാമ്പത്തിക വര്‍ഷം 10,000ത്തിലധികം സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് യു.എസ് പ്രവേശനം അനുവദിച്ചിരുന്നു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന മുസ്‌ലിം കുടുംബങ്ങളായിരുന്നു ഇതില്‍ ഭൂരിഭാഗവും. അഭയാര്‍ത്ഥി പ്രവാഹവും അനധികൃത കുടിയേറ്റവും തടയുന്നതിന് യു.എസ്- മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്ന് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ക്യാമ്പയിനിടെ ട്രംപ് പലതവണ പറഞ്ഞിരുന്നു.
രേഖകളില്ലാത്ത കുടിയേറ്റക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ഫെഡറല്‍ ഏജന്‍സികള്‍ക്ക് കൈമാറാന്‍ നഗര ഭരണകൂടങ്ങളോട് ആവശ്യപ്പെടുന്ന മറ്റൊരു ഉത്തരവും ട്രംപ് ഒപ്പുവെച്ചിട്ടുണ്ട്. 2012ല്‍ ബറാക് ഒബാമ യു.എസ് പ്രസിഡണ്ടായിരിക്കെ കൊണ്ടുവന്ന ചൈല്‍ഡ്ഹുഡ് അറൈവല്‍ പ്രോഗ്രാം റദ്ദാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. കുട്ടിക്കാലത്ത് യു.എസില്‍ എത്തിപ്പെടുകയും അവിടെ വളരുകയും ചെയ്ത രേഖകളില്ലാത്ത ഏഴര ലക്ഷത്തിലധികം പേര്‍ക്ക് തിരിച്ചയക്കല്‍ ഭീഷണിയില്ലാതെ അമേരിക്കയില്‍ ജീവിക്കാനും തൊഴിലെടുക്കാനും അവസരം ഉറപ്പാക്കുന്നതായിരുന്നു ഒബാമ ഭരണകൂടം കൊണ്ടുവന്ന പദ്ധതി.