‘ഇംപീച്ച്‌മെന്റ് നീക്കം അമേരിക്കയെ തകര്‍ക്കാനുള്ള ശ്രമം’; ഡൊണാള്‍ഡ് ട്രംപ്

വാഷിംങ്ടണ്‍: ഇംപീച്ച്‌മെന്റ് നീക്കത്തിനെതിരെ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇംപീച്ച്‌മെന്റ് നീക്കം അമേരിക്കയെ തകര്‍ക്കാനുള്ള ശ്രമമാണെന്ന് സ്പീക്കര്‍ നാന്‍സി പെലോസിക്ക് അയച്ച കത്തില്‍ ട്രംപ് പറയുന്നു. തെളിവുകള്‍ ഹാജരാക്കാനുള്ള അവകാശം വകവെച്ച് തന്നില്ലെന്നും ട്രംപ് കത്തില്‍ ആരോപിക്കുന്നു. ജനപ്രതിനിധി സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇംപീച്ച്‌മെന്റ് നടപടികള്‍ അവസാന ഘടത്തിലേക്ക് കടക്കവെയാണ് ട്രംപിന്റെ നീക്കം.

ഇംപീച്ച്‌മെന്റ് വ്യവസ്ഥകള്‍ അടങ്ങിയ പ്രമേയത്തിന്‍മേലുള്ള വോട്ടെടുപ്പ് നടപടികള്‍ ഇന്നു തുടങ്ങാനിരിക്കെയാണ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്പീക്കര്‍ നാന്‍സി പെലോസിക്ക് കത്തെഴുതിയത്. നിര്‍ബന്ധിത സാഹചര്യത്തില്‍ ഉപയോഗിക്കേണ്ട ഇംപീച്ച്‌മെന്റ് എന്ന വാക്കിനെ നിങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്നും ആറ് പേജുള്ള കത്തില്‍ ട്രംപ് കുറ്റപ്പെടുത്തുന്നു.

അമേരിക്കന്‍ ജനാധിപത്യത്തിലെ തെളിവുകള്‍ ഹാജരാക്കാനുള്ള അവകാശം പ്രസിഡന്റ് ആയിട്ടുപോലും വകവെച്ചു തന്നില്ലെന്നും കത്തില്‍ പരാതിപ്പെടുന്നുണ്ട്. എന്നാല്‍, ജനപ്രതിനിധി സഭയുടെ ജുഡീഷ്യറി കമ്മറ്റി തെളിവെടുപ്പിന് ഹാജരാകാന്‍ ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. അന്ന്, നാറ്റോയുടെ എഴുപതാമത് ഉച്ചോകോടി നടക്കുന്നതിനാല്‍ ലണ്ടനിലായിരിക്കുമെന്ന് കാട്ടി ട്രംപ് ഒഴിഞ്ഞുമാറി.

ഈ ആഴ്ച തന്നെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കി നടപടികള്‍ക്ക് വേഗം കൂട്ടാനാണ് നീക്കം. നടപടികള്‍ സെനറ്റിന്റെ പരിഗണനയ്ക്ക് എത്തുകയും രണ്ടില്‍ മൂന്ന് ഭൂരിപക്ഷത്തില്‍ പാസാവുകയും ചെയ്താല്‍ ട്രംപിന് സ്ഥാനം നഷ്ടമാകും. 2020 ലെ തെരഞ്ഞെടുപ്പില്‍ വിദേശ ഇടപെടലിനായി ട്രംപിന്റെ ഓഫീസ് കൃത്യവിലോപം നടത്തിയെന്നാണ് ഇംപീച്ച്‌മെന്റ് നടപടിക്ക് ആധാരമായ കുറ്റം.

SHARE