രണ്ട് കോടി വാഗ്ദാനം അച്ഛാദിനെത്തി; ട്രംപ് സന്ദര്‍ശനം മോദിയെ ട്രോളി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ നേരിടുന്ന പ്രധാന വെല്ലുവിളികളായ തൊഴിലില്ലായ്മ അച്ഛാദിന്‍ തുടങ്ങിയ വിഷയങ്ങളെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെടുത്തി പരിഹസിച്ച് കോണ്‍ഗ്രസ്. ഫെബ്രുവരി 24 ന് അഹമ്മദാബാദില്‍ 7 മില്യണ്‍ ആളുകള്‍ അദ്ദേഹത്തെ അഭിവാദ്യം ചെയ്യുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദത്തെ കൂട്ടുപിടിച്ചാണ് മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ പരിഹാസം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് തങ്ങളുടെ ഓദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കോണ്‍ഗ്രസിന്റെ ട്രോള്‍ പുറത്തുവന്നത്.

മോദിജി വാഗ്ദാനം ചെയ്ത 2 കോടി തൊഴിലവസരങ്ങളില്‍ 69 ലക്ഷം അവസരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഇപ്പോള്‍ തന്നെ അപേക്ഷിക്കൂ..വേഗമാകട്ടെ.. ട്രംപിന്റെ പോസ്റ്ററോടൊപ്പം കോണ്‍ഗ്രസിന്റെ ട്വീറ്റ് ചെയ്തു.

ഡൊണാള്‍ഡ് ട്രംപ് നാഗരിക് അഭിനന്ദന്‍ സമിതിയിലേക്ക് ജോലിക്ക് ആളെ തേടുന്നു എന്നാണ് പോസ്റ്ററാണ് ട്വീറ്റില്‍ പങ്കുവെച്ചത്. 69 ലക്ഷം അവസരങ്ങളാണ് ഒഴുവുള്ളതെന്ന് പോസ്റ്ററില്‍ പറയുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നോക്കി കൈവീശുക എന്നതാണ് ജോലിയെന്ന് വിവരണത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇങ്ങനെ ജോലിയെടുത്താല്‍ അച്ഛാദിന്‍ ലഭിക്കുമെന്നതാണ് പ്രതിഫലമെന്നും കോണ്‍ഗ്രസ് പരിഹസിക്കുന്നു.

നേരത്തെ, വിമാനത്താവളത്തില്‍നിന്ന് പരിപാടി നടക്കുന്നിടം വരെ എഴുപതുലക്ഷം ആളുകള്‍ തന്നെ സ്വീകരിക്കാന്‍ എത്തിച്ചേരുമെന്ന് മോദി പറഞ്ഞതായി ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഒരു ലക്ഷം പേര്‍ മാത്രമേ റാലിയിലുണ്ടാവൂ എന്നാണ് വിവരം. ഇതാണിപ്പോള്‍ പരിഹാസത്തിന് കാരണമായത്. തിങ്കളാഴ്ചയാണ് ട്രംപ് അഹമ്മദാബാദിലെത്തുന്നത്. വിമാനത്താവളത്തില്‍നിന്ന് റോഡ് ഷോ ആയാണ് ട്രംപിനെ മോട്ടേര സ്‌റ്റേഡിയത്തിലേക്ക് എത്തിക്കുന്നത്.