;വാഷിങ്ടണ്‍: കടുത്ത ഇസ്ലാം വിരുദ്ധ പ്രചാരണം നടത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വിമര്‍ശനമുന്നയിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്കെതിരെ ആഞ്ഞടിച്ച് ട്രംപ്. നിങ്ങള്‍ എന്റെ കാര്യം ശ്രദ്ധിക്കാതെ സ്വന്തം രാജ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാന്‍ ട്രംപ് തെരേസ മേയോട് ആവശ്യപ്പെട്ടു. ‘തെരേസ മേ, എന്നെ ശ്രദ്ധിക്കരുത്, പകരം നിങ്ങളുടെ രാജ്യത്ത് ഉണ്ടാവുന്ന വിനാശകാരിയായ ഇസ്ലാമിക തീവ്രവാദത്തെ ശ്രദ്ധിക്കൂ, ഇവിടെയെല്ലാം സുഗമമാണ്’ എന്ന പരിധിവിട്ട വംശീയ മറുപടിയാണ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്.
.@Theresa_May, don’t focus on me, focus on the destructive Radical Islamic Terrorism that is taking place within the United Kingdom. We are doing just fine!
— Donald J. Trump (@realDonaldTrump) November 30, 2017
കഴിഞ്ഞ ദിവസം മുസ്ലിം വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന മൂന്ന് വീഡിയോ സന്ദേശങ്ങള്‍ ട്രംപ് ട്വിറ്ററിലൂടെ പങ്കുവെച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴി തുറന്നിരുന്നു. ഇതിനെ വിമര്‍ശിച്ച് തെരേസ മേയുടെ വക്താവ് രംഗത്തെത്തിയിരുന്നു. വിദ്വേഷകരമായ ആശയങ്ങള്‍ പ്രചരിപ്പിച്ചതിലൂടെ ട്രംപ് തെറ്റ് ചെയ്തുവെന്നായിരുന്നു തെരേസ മേയുടെ വക്താവിന്റെ പ്രതികരണം. ബ്രിട്ടണ് ഫസ്റ്റ് എന്ന ബ്രിട്ടണിലെ തീവ്ര ദേശീയവാദ പാര്‍ട്ടി നേതാവായ ജയ്ദാ ഫ്രാന്സെന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോകളാണ് ട്രംപ് റീട്വീറ്റ് ചെയ്ത് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.
ഡൊണാള്‍ഡ് ട്രംപ് പുതിയ വിവാദത്തില്‍
മുസ്ലിം വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോ ട്വിറ്ററില്‍ കൂടി പങ്കുവെച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ വിവാദത്തില്‍. ബ്രിട്ടണ് ഫസ്റ്റ് എന്ന ബ്രിട്ടനിലെ തീവ്ര ദേശീയവാദ പാര്‍ട്ടി നേതാവായ ജയ്ദാ ഫ്രാന്സെന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോകളാണ് ട്രംപ് റീ ട്വീറ്റ് ചെയ്തത്. മതവിദ്വേഷം നിറഞ്ഞ ആശയങ്ങളുള്ള മൂന്ന് വീഡിയോകളായിരുന്നു ഇവ. ഇത് റീ ട്വീറ്റ് ചെയ്താണ് ഡൊണാള്‍ഡ് ട്രംപ് പുതിയ വിവാദത്തിലായത്. മുസ്ലിം കുടിയേറ്റക്കാര്‍ ഡച്ച് ബാലനെ മര്‍ദ്ദിക്കുന്നു എന്ന് പറഞ്ഞാണ് ആദ്യത്തെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കന്യാമറിയത്തിന്റെ പ്രതിമ ഒരു മുസ്ലിം ഉടയ്ക്കുന്നതായി രണ്ടാമത്തെ വീഡിയോയില്‍ കാണിക്കുന്നു. മുസ്ലിം കലാപകാരികള്‍ ഒരു കെട്ടിടത്തിന് മുകളില്‍ നിന്നും കൗമാരക്കാരനെ തള്ളിയിടുന്നതായി മൂന്നാമത്തെ വീഡിയോ അത്യന്തം ഭീതിജനകമായവയാണ് മൂന്ന് വീഡിയോകളും.