കോവിഡ് മറയാക്കി താന്‍ വീണ്ടും യു.എസ് പ്രസിഡന്റ് ആവാതിരിക്കാനുള്ള നീക്കമാണ് ചൈന നടത്തുന്നത്; ട്രംപ്


വാഷിങ്ടണ്‍: ചൈനക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കോവിഡിന്റെ മറവില്‍ താന്‍ രണ്ടാമതും പ്രസിഡന്റാകാതിരിക്കാനുള്ള ശ്രമങ്ങളാണ് ചൈന നടത്തുന്നതെന്ന് ട്രംപ് പറഞ്ഞു. റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേപ്പറ്റ് പറഞ്ഞത്

നവംബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ താന്‍ വിജയിക്കാതിരിക്കാനുള്ള തങ്ങളെക്കൊണ്ടാവുന്ന വിധത്തിലുള്ള എല്ലാ ശ്രമങ്ങളും ചൈന നടത്തുന്നുണ്ട്. പകര്‍ച്ചവ്യാധിയെക്കുറിച്ച് ചൈന ലോകത്തെ എത്രയും വേഗം അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിനെ പ്രതിരോധിക്കാന്‍ ട്രംപ് ഫലപ്രദമായ നടപടികള്‍ ചെയ്തില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. കോവിഡ് മൂലം അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥ തന്നെ തകര്‍ത്തു. നവംബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രധാന പ്രചരണായുധമായിരുന്നു ഇത്.

ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബിഡന്‍ നവംബറിലെ തെരഞ്ഞെടുപ്പില്‍ വിജയിക്കണമെന്ന് ബീജിംഗ് ആഗ്രഹിക്കുന്നുവെന്ന് ട്രംപ് ആരോപിച്ചു. കണക്കുകള്‍ അനുസരിച്ച് ജോ വിജയിക്കുമെന്നാണ് പ്രവചനം. എന്നാല്‍ ഈ കണക്കുകളില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. ‘ഈ രാജ്യത്തെ ആളുകള്‍ മിടുക്കരാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കഴിവില്ലാത്ത ഒരാളെ അവര്‍ തങ്ങളുടെ പ്രസിഡന്റായി തെരഞ്ഞെടുക്കില്ല.

കൊറോണ വ്യാപനത്തില്‍ ചൈനയുടെ പങ്കിനെക്കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. കോവിഡിന്റെ കാര്യത്തില്‍ തനിക്ക് പലതും ചെയ്യാനാകുമെന്നും എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.