സമാധാനപരമായ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സൈന്യത്തെ ഇറക്കി ട്രംപ്

വാഷിങ്ടണ്‍: കറുത്തവര്‍ഗ്ഗക്കാരനായ ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തില്‍ അമേരിക്കയില്‍ പ്രതിഷേധം തുടരുന്നു. അതിനിടെ പ്രതിഷേധം അടിച്ചമര്‍ത്താന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തയ്യാറെടുക്കുകയാണ്. സമരക്കാരെ നേരിടാന്‍ വന്‍ സൈനിക വ്യൂഹത്തെ ഇറക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, പ്രതിഷേധക്കാരുടെ മേല്‍ ട്രംപ് നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകളെല്ലാം സമരക്കാരെ കൂടുതല്‍ പ്രകോപിതരാക്കുകയാണ് ചെയ്യുന്നത്.അതിന്റെ തെളിവാണ് ദിവസവും കൂടിക്കൂടി വരുന്ന പ്രക്ഷോഭകരുടെ എണ്ണം.

ഇതിനോടകം പല ഇടങ്ങളിലും കലാപങ്ങള്‍ അക്രമങ്ങള്‍ക്ക് വഴിമാറിയപ്പോള്‍ അമേരിക്കന്‍ പൊലീസ് അധികാരികള്‍ക്ക് പ്രക്ഷോഭകര്‍ക്ക് മുന്നില്‍ മുട്ടുകുത്തി നില്‍ക്കേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ പ്രക്ഷോഭത്തെ കടുത്തരീതിയില്‍ അടിച്ചമര്‍ത്താന്‍ ഗവര്‍ണര്‍മാരോട് ആവശ്യപ്പെടുകയാണ് ട്രംപ് ചെയ്യുന്നത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യണമെന്നും, വിചാരണ ചെയ്യണമെന്നും ട്രംപ് ഗവര്‍ണര്‍മാരോട് പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധത്തിനും അക്രമത്തിനും പിന്നില്‍ തീവ്ര ഇടതു ശക്തികളാണെന്ന വാദം ട്രംപ് ആവര്‍ത്തിച്ച് ഉന്നയിക്കുന്നുണ്ട്. രാജ്യത്ത് തുടരുന്ന പ്രക്ഷോഭം അടിച്ചമര്‍ത്തുകയെന്നത് ഗവര്‍ണര്‍മാരുടെ ഉത്തരവാദിത്തമാണെന്നും ട്രംപ് പറയുന്നു.

നേരത്തെ വൈറ്റ് ഹൗസിനു മുന്നിലെ പാര്‍ക്കില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തെ ഒഴിപ്പിക്കാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചിരുന്നു. തുടര്‍ന്ന് ചിതറിയോടുന്ന ജനങ്ങളെയും കാണാമായിരുന്നു. വൈറ്റ് ഹൗസിനു മുന്നില്‍ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. അതിനിടെ, നിശബ്ദമായിരിക്കണം എന്ന താക്കീത് എന്നപോലെ ചുണ്ടത്ത് വിരല്‍വച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ട്രംപിന്റെ ിചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇത് പ്രക്ഷോഭകാരികള്‍ക്കുള്ള താക്കീതായാണ് വിലയിരുത്തപ്പെടുന്നത്.

SHARE