ന്യൂയോര്‍ക്ക്: കടുത്ത പ്രതിഷേധത്തിന് കാരണമായ അമേരിക്കയിലെ വിസാ നിരോധനത്തില്‍ ഇളവുകളുമായി ട്രംപ് ഭരണകൂടം. എച്ച് 1 ബി വിസ കൈയിലുള്ളവര്‍ക്ക് നിയന്ത്രണങ്ങളോടെ തിരികെ വരാമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരിക്കുകയാണ്. പ്രൊഫഷണലുകളെ ആവശ്യമുള്ള ജോലികളില്‍ വിദേശികള്‍ക്ക് യുഎസ് സര്‍ക്കാര്‍ നല്കുന്ന താല്‍ക്കാലിക വിസയാണ് എച്ച് 1 ബി വിസ. രാജ്യത്തെ വിസകളുടെ കാര്യത്തില്‍ ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ നടന്നുവരുന്ന കേസില്‍ വന്‍കിട കമ്പനികളും പങ്കുചേര്‍ന്ന സാഹചര്യത്തിലാണ് ട്രംപ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
നിബന്ധനകളോടെ എച്ച് 1ബി വിസയുള്ളവര്‍ക്ക് തിരികെ വരാമെന്നാണ് അമേരിക്കന്‍ ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്. പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് മുമ്പുണ്ടായിരുന്ന ജോലികളില്‍ തിരികെ പ്രവേശിക്കാനാണെങ്കില്‍ മാത്രമേ തിരികെ വരാന്‍ അനുമതിയുള്ളുവെന്ന നിബന്ധനയോടെയാണ് പുതിയ ഇളവ്. വിസയുള്ളവര്‍ക്ക് കുടുംബസമേതം മടങ്ങിവരാന്‍ കഴിയുമെന്നും യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ് അഡൈ്വസറി വ്യക്തമാക്കുന്നു. എച്ച് 1ബി വിസ കൈവശമുള്ള സാങ്കേതിക വിദഗ്ധര്‍, സീനിയര്‍ ലെവല്‍ മാനേജര്‍മാര്‍ തുടങ്ങിയ ജോലിക്കാര്‍ക്കും തിരികെ വരാം.
അതേസമയം, കോവിഡ് മഹാമാരി മൂലം തൊഴില്‍ നഷ്ടവും അസംതൃപ്തിയും ജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിക്കുന്നതായി വിവിധ റിപ്പോര്‍ട്ടുകള്‍ക്കിടെ, യു.എസ് പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു വരുന്നു എന്നാണ് പഠനങ്ങള്‍ പുറത്തുവന്നിരിക്കെയാണ് വിസ നിരോധനത്തില്‍ നിയന്ത്രണങ്ങളോടെ ഇളവുകള്‍ നല്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. യു.എസ് പ്രസിഡണ്ട് കോവിഡ് മഹാമാരി കൈകാര്യം ചെയ്ത രീതിയും രാഷ്ട്രീയ നയങ്ങളും കാരണമായി പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും ഗുരുതരമായ പ്രതിസന്ധിയെ നേരിടുകയാണ് അമേരിക്കയെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ബാംബ്രിഡ്ജ് അക്കൗണ്ടന്റ്സ് എന്ന സ്ഥാപനം ശേഖരിച്ച വിവരങ്ങള്‍പ്രകാരം 2020 വര്‍ഷത്തിന്റെ ആദ്യ ആറു മാസം 5800 പേര് പൗരത്വം ഉപേക്ഷിക്കാന്‍ അപേക്ഷ നല്കി എന്നാണ് സി.എന്‍.എന്‍ പുറത്തുവിട്ട പഠനം പറയുന്നത്. 2019ല്‍ ഇത് 2072 മാത്രമായിരുന്നു. ഇതുവരെ 444 അമേരിക്കക്കാര്‍ മാത്രമാണ് പാസ്പോര്‍ട്ട് എംബസിയില്‍ എത്തിച്ചിട്ടുള്ളത്. പ്രവാസി യു.എസുകാരാണ് പൗരത്വം ഉപേക്ഷിക്കാന്‍ സന്നദ്ധമായിട്ടുള്ളത് എന്ന് കമ്പനി ഉടമസ്ഥരില്‍ ഒരാളായ അലിസ്റ്റര്‍ ബാംബ്രിഡ്ജ് പറയുന്നു. കൂടാതെ പുതിയ വിസ നിയന്ത്രണങ്ങള്‍ കൊവിഡ് -19 പ്രതിസന്ധിയില്‍ നിന്ന് യുഎസ് സമ്പദ് വ്യവസ്ഥ കരകയറുന്നതിനെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രമുഖ കമ്പനികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. താല്‍ക്കാലിക വിദേശ തൊഴിലാളികള്‍ക്ക് പുതിയ വിസ നല്‍കുന്നത് നിര്‍ത്തിവെച്ച തീരുമാനത്തിനെതിരെ സാങ്കേതിക രംഗത്തെ മുന്‍നിര സ്ഥാപനങ്ങളായ ആപ്പിള്‍, ഫെയ്സ്ബുക്ക്, ആമസോണ്‍, മൈക്രോസോഫ്റ്റ്, ട്വിറ്റര്‍ എന്നീ കമ്പനികളും രംഗത്തു വന്നിരുന്നു.
ഇതിനിടിയെയാണ് യുസ് ഭരണകൂടത്തിന്റെ പുതിയ ഇളവുകള്‍ വന്നിരിക്കുന്നത്. എന്നാല്‍ തിരിച്ചെത്തുന്നവര്‍ കൊവിഡ് ആഘാതത്തില്‍ നിന്ന് തിരിച്ചുവരാനുള്ള അമേരിക്കന്‍ സമ്പദ്വ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമെന്നുള്ളവരായിരിക്കണമെന്നും അധികൃതര്‍ പറയുന്നു. തൊഴില്‍ മേഖലയ്ക്ക് പുറമെ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ഗവേഷണം നടത്തുന്നവര്‍ എന്നിവര്‍ക്കും ആരോഗ്യ മേഖലയില്‍ തുടര്‍ഗവേഷണം നടത്തുന്നതിനും സാധുവായ വിസയുണ്ടെങ്കില്‍ യാത്രാവിലക്കുണ്ടാകില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് അമേരിക്ക. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായികൂടിയാണ് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ക്ക് തിരികെ പ്രവേശിക്കാമെന്ന നിലപാടെന്നാണ് വിലയിരുത്തലുകള്‍. യുഎസ് വിദേശകാര്യ നയ ലക്ഷ്യങ്ങള്‍ക്കോ, വിവിധ കാരറുകള്‍ പ്രകാരമുള്ള എല്‍ 1, എച്ച് 1 ബി വിസ ഉടമകളെയും രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കുമെന്നും പുതിയ തീരുമാനം വ്യക്തമാക്കുന്നു
ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്റ്റ്, സെക്ഷന്‍ 101 (എ) (15) (എച്ച്) പ്രകാരമാണ് യുഎസ് വിസ അനുവദിക്കുന്നത്. ബിരുദമാണ് വിസ സ്വന്തമാക്കാനുള്ള അടിസ്ഥാന യോഗ്യത. അല്ലെങ്കില്‍ പ്രത്യേക തൊഴില്‍മേഖലയില്‍ പ്രവൃത്തി പരിചയം ആവശ്യമാണ്. 65,000 എച്ച് 1ബി വിസയാണ് നിയമപ്രകാരം ഒരു വര്‍ഷം രാജ്യം അനുവദിക്കുന്നത്. എന്നാല്‍ നിയമത്തിലെ ഇളവുകള്‍ ഉപയോഗിച്ച് 1.5 ലക്ഷത്തിലേറെ വിസകള്‍ (പുതുക്കുന്നതും, പുതിയതുനമായി) മുന്‍ വര്‍ഷങ്ങളില്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍, പുതിയതായി എച്ച് 1 ബി വിസ അനുവദിക്കുന്നത് ഈ വര്‍ഷം അവസാനം വരെ നിര്‍ത്തിവെച്ചതായി ജൂണ്‍ 22 നാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിറക്കിയിരുന്നത്. പല മേഖലകളിലും നിലവിലുള്ള എച്ച് 1 ബി വിസക്കാരെ ജോലിക്ക് പ്രവേശിപ്പിക്കുന്നതിലും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അമേരിക്കന്‍ ജനതയെ സഹായിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നായിരുന്നു അന്ന് ട്രംപ് പറഞ്ഞത്. ബിസിനസ് സംഘടനകളും മനുഷ്യാവകാശ സംഘടനകളില്‍ നിന്നും എതിര്‍പ്പുണ്ടായിട്ടും കുടിയേറ്റം തടയുന്നതിനും രാജ്യത്തെ പ്രാദേശിക തൊഴിലിന് സഹായമേകുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമെന്ന നിലയിലാണ് എച്ച് 1 ബി, എല്‍ 1, മറ്റ് താല്‍ക്കാലിക തൊഴില്‍ പെര്‍മിറ്റുകള്‍ എന്നിവയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന എക്സിക്യൂട്ടിവ് ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അന്ന് ഒപ്പുവെച്ചത്.