പനി ബാധിച്ച് ആളുകള്‍ മരിക്കുന്നത് സാധാരണ സംഭവം; കൊറോണ വലിയ കാര്യമാക്കേണ്ടെന്ന് ട്രംപ്

വാഷിംഗ്ടണ്‍: നൂറില്‍ പരം രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച കൊറോണവൈറസിനെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൊറോണ വലിയ പ്രശ്‌നമല്ലെന്ന് ട്രംപ് പറഞ്ഞു.

‘കഴിഞ്ഞ വര്‍ഷം 37,000 പേര്‍ സാധാരണ പനി ബാധിച്ച് മരിച്ചു. 27,000 മുതല്‍ 70,000 പേര്‍ പ്രതിവര്‍ഷം പനി ബാധിച്ച് മരിക്കുന്നു. എന്നിട്ട് ഒന്നും അടച്ചുപൂട്ടിയിട്ടിട്ടില്ല. സാധാരണ ജീവിതവും സാമ്പത്തിക രംഗവും സാധാരണ പോലെ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ 546 കൊറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 22 പേര്‍ മരിച്ചു. ചിന്തിക്കുക!.’ട്രംപ് ഫേസ്ബുക്കില്‍ കുറിച്ചു.

ഇതേ കാര്യം തന്നെയാണ് ട്രംപ് ട്വിറ്ററിലും പറഞ്ഞത്. 2.34 ലക്ഷം പേരാണ് പോസ്റ്റിന് പ്രതികരിച്ചത്. 67,439 പേര്‍ ഷെയര്‍ ചെയ്തു. നിരവധി പേര്‍ പ്രതികൂലമായി പ്രതികരിച്ചു. അമേരിക്കയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 600 കടന്നു.

കോവിഡ് 19 രോഗികളായി 3,940 പുതിയ കേസുകള്‍ ചൈനയ്ക്ക് പുറത്ത് റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു. ഇതോടെ ചൈനയ്ക്ക് പുറത്ത് കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം 28,600 കവിഞ്ഞു. ചൈനയ്ക്ക് പുറത്ത് 104 രാജ്യങ്ങളിലാണ് കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മാത്രം 3,948 കേസുകള്‍ വര്‍ദ്ധിച്ച് ചൈനക്ക് പുറത്ത് ആകെ രോഗികളുടെ എണ്ണം 28,673 ആയി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. ചൈനയ്ക്ക് പുറത്തുള്ള മരണസംഖ്യ 202 ല്‍ നിന്ന് 686 ആയി ഉയര്‍ന്നതായും ലോകാരോഗ്യ സംഘടനയുടെ പുതിയ കൊറോണ വൈറസ് രോഗാവസ്ഥ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്താകെ ഇതുവരെ ഒരു ലക്ഷത്തിലേറെ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നാലായിരത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും അറുപതിനായിരത്തിലധികം പേര്‍ രോഗത്തില്‍ നിന്നും സുഖം പ്രാപിച്ചിട്ടുണ്ട്.

SHARE