ഡല്‍ഹി സംഘര്‍ഷം, സിഎഎ; ചോദ്യങ്ങള്‍ക്കുള്ള ട്രംപിന്റെ പ്രതികരണം ഇങ്ങനെ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന മുസ്ലിംവംശഹത്യയിലും പൗരത്വരജിസ്റ്ററിലും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം ഇങ്ങനെ. ഡല്‍ഹിയിലെ അക്രമങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അക്രമത്തെക്കുറിച്ച് അറിഞ്ഞിരുന്നുവെന്നും ഒറ്റപ്പെട്ട സംഭവങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ട്രംപ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടക്കുന്ന കലാപങ്ങളെക്കുറിച്ച് അറിഞ്ഞെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ ഒറ്റപ്പെട്ട സംഭവങ്ങളെ കുറിച്ച് മോദിയുമായി സംസാരിച്ചില്ലെന്നും അത് ഇന്ത്യക്കായി വിട്ടിരിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.

ട്രംപ് -മോദി കൂടിക്കാഴ്ചക്കിടെ പൗരത്വ നിയമം ചര്‍ച്ചയായില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃഗ്ലയാണ് അറിയിച്ചത്. ജനങ്ങള്‍ക്ക് മതസ്വാതന്ത്ര്യം ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹം അതിനായി പ്രവര്‍ത്തിക്കുന്നു. ഒറ്റപ്പെട്ട ആക്രമണങ്ങളെക്കുറിച്ച് കേട്ടിരുന്നുവെങ്കിലും അതെക്കുറിച്ച് ചര്‍ച്ച ചെയ്യാനില്ല. ഇത് ഇന്ത്യയ്ക്കായി വിട്ടിരിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

രണ്ടു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന് ശേഷം ഡൊണള്‍ഡ് ട്രംപ് അമേരിക്കയിലേക്ക് മടങ്ങി. രാഷ്ട്രപതി ഭവനില്‍ ഒരുക്കിയ അത്താഴ വിരുന്നില്‍ പങ്കെടുത്ത ശേഷം രാത്രി 10നാണ് ട്രംപ് അമേരിക്കയിലേക്ക് മടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍ തുടങ്ങിയവര്‍ വിരുന്നില്‍ പങ്കെടുത്തു.

തിങ്കളാഴ്ചയാണ് ട്രംപ് ഇന്ത്യയില്‍ എത്തിയത്. ഭാര്യ മെലനിയ, മകള്‍ ഇവാന്‍ക, മരുമകന്‍ ജാറെദ് കഷ്‌നര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. അഹമ്മദാബാദ് വിമാനത്താവളത്തില്‍ എത്തിയ ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് റോഡ് ഷോയായി ആശ്രമത്തിലേക്കായിരുന്നു ആദ്യയാത്ര. പിന്നീട് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായ മൊട്ടേര സ്‌റ്റേഡിയത്തിലെ നമസ്‌തേ ട്രംപ് പരിപാടിയില്‍ ഇരു നേതാക്കളും പങ്കെടുത്തു. ശേഷം ട്രംപ് താജ്മഹല്‍ സന്ദര്‍ശിച്ചിരുന്നു.