റഷ്യയുമായി ബന്ധപ്പെടാന്‍ ട്രംപിന് രഹസ്യ സെര്‍വര്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇത്തവണ വിവാദങ്ങള്‍ക്ക് ഒട്ടും കുറവില്ല. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണും പുതിയ വിവാദങ്ങളില്‍ കുരുങ്ങുകയാണ്. റഷ്യയുമായി ട്രംപ് രഹസ്യ ആശയവിനിമയം നടത്തുന്നുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തല്‍. റഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ വാണിജ്യ ബാങ്കായ ആല്‍ഫ ബാങ്കുമായി ബന്ധം സ്ഥാപിക്കുന്നതിന് ട്രംപ് ഓര്‍ഗനൈസേഷന് രഹസ്യ സെര്‍വറുണ്ടെന്ന് സ്ലേറ്റ് മാഗസിന്‍ പറയുന്നു. മാഗസിന്‍ അന്വേഷണം തുടങ്ങിയ ശേഷം സെര്‍വര്‍ പ്രവര്‍ത്തനരഹിതമാക്കി. റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്റെ സ്തുതിപാടകനായ ട്രംപിന്റെ അവിശുദ്ധ ബന്ധങ്ങളിലേക്കാണ് വെളിപ്പെടുത്തല്‍ വിരല്‍ ചൂണ്ടുന്നത്. യു.എസ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതിന് ഹിലരിയുടെ സെര്‍വറുകള്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ട്രംപിന്റെ അറിവോടും സമ്മതത്തോടെയുമാണ് ഹാക്കിങ് നടന്നതെന്ന് ആരോപണമുണ്ട്. ട്രംപിനെ വളര്‍ത്തുന്നത് റഷ്യയാണെന്ന് ചൂണ്ടിക്കാട്ടി മദര്‍ ജോണ്‍സ് ന്യൂസ് മാഗസിന്‍ എഫ്.ബി.ഐക്ക് കത്തയച്ചിരുന്നു. ട്രംപിനെ അധികാരത്തിലെത്തിച്ച് പാശ്ചാത്യ ശക്തികളെ ഭിന്നിപ്പിക്കാനാണ് റഷ്യന്‍ ഭരണകൂടം ശ്രമിക്കുന്നതെന്ന് മാഗസിന്‍ പറയുന്നു. പ്രചാരണ കാലത്ത് ട്രംപ് നരിവധി തവണ റഷ്യയെയും പുടിനെയും അനുകൂലിച്ച് സംസാരിച്ചിട്ടുണ്ട്. പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ഉടന്‍ താന്‍ റഷ്യ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പ്രസിഡണ്ട് ഒബാമയെക്കാള്‍ നല്ലത് പുടിനാണെന്നും അദ്ദേഹം പറയുകയുണ്ടായി.

SHARE