‘ഇനി വെട്ടരുത്’; ആരേ കോളനിയിലെ മരം മുറിക്കലിന് സുപ്രീം കോടതിയുടെ വിലക്ക്

ആരെ കോളനിയില്‍ മെട്രോ കാര്‍ പാര്‍ക്കിങ് ഷെഡ്ഡിനായി മരം മുറിക്കുന്നത് തടയാനെത്തിയ ജനങ്ങളും വിദ്യാര്‍ത്ഥികളും

മുംബൈ: ബോംബെയിലെ ആരെ കോളനിയില്‍ മെട്രോ കാര്‍ പാര്‍ക്കിങ് ഷെഡ്ഡിനായി മരം മുറിക്കുന്നതിന് സുപ്രീം കോടതിയുടെ താത്കാലിക വിലക്ക്. മരംവെട്ടുന്നതു തടയണമെന്ന് അഭ്യര്‍ഥിച്ച് നിയമ വിദ്യാര്‍ഥി ചീഫ് ജസ്റ്റിസിന് അയച്ച കത്ത് പൊതുതാത്പര്യ ഹര്‍ജിയായി പരിഗണിച്ചാണ് സുപ്രീം കോടതി ഇടപെടല്‍.

മെട്രൊ കാര്‍ ഷെഡ് നിര്‍മാണത്തിനായി ആരെ കോളനിയിലെ മരങ്ങള്‍ വെട്ടിമാറ്റാനുള്ള തീരുമാനം വന്‍ വിവാദമായിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി എത്തിയ വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലാവുകയുമുണ്ടായി. എന്നാല്‍ മരംമുറിക്കലിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ 29 പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് വെള്ളിയാഴ്ച മുംബൈ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചിരുന്നു. ഇനി പ്രതിഷേധത്തില്‍ പങ്കെടുക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മരം മുറിക്കുന്നതിന് വിലക്കും വന്നിരിക്കുന്നത്.

ആരേയില്‍ തല്‍സ്ഥിതി തുടരാന്‍ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, അശോക് ഭൂഷണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നിര്‍ദേശിച്ചത്. ആരെയില്‍നിന്നു മരങ്ങള്‍ മുറിച്ചുമാറ്റുന്നത് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു. 21ന് സുപ്രിം കോടതിയുടെ വനംബെഞ്ച് കേസില്‍ വാദം കേള്‍ക്കും. അതുവരെ ഒരു മരം പോലും ഇനി വെട്ടരുതെന്ന് കോടതി നിര്‍ദേശിച്ചു.

മെട്രോ റെയില്‍ പദ്ധതിയുടെ കാര്‍ഷെഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ആരെ കോളനി വനമേഖലയില്‍ തകൃതിയായ മരംമുറിയാണ് നടന്നിരുന്നത്. സ്ഥലത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തി കര്‍ശന പൊലീസ് സുരക്ഷയിലായിരുന്നു മരംമുറി. ഒറ്റദിവസം കൊണ്ടുതന്നെ പ്രദേശത്തെ 1500 മരങ്ങള്‍ മുറിച്ചെന്നാണ് സൂചന. സംഭവത്തില്‍ അടിയന്തരമായി ഇടപെടാനുള്ള പ്രതിഷേധക്കാരുടെ അപേക്ഷ ബോംബെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശനിയാഴ്ച വീണ്ടും തള്ളിയിരുന്നു. ചീഫ് ജസ്റ്റിസിനെ സമീപിക്കാനും കോടതി ഉത്തരവിട്ടു. മുംബൈയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആരെ കോളനിയിലെ 2,600 മരങ്ങള്‍ മുറിക്കാനുള്ള നീക്കത്തിനെതിരെ രണ്ടു വര്‍ഷമായി കടുത്ത പ്രതിഷേധത്തിലായിരുന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍. മരങ്ങള്‍ മുറിക്കുന്നതിനെതിരെ നല്‍കിയ നാല് ഹര്‍ജികള്‍ വെള്ളിയാഴ്ച ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ആരെ കോളനി വനം ആണെന്നു കണക്കാക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഹര്‍ജി തള്ളിയത്. ഇതിനു പിന്നാലെയാണു മരം മുറിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്.

അതേസമയം മെട്രോ കാര്‍ ഷെഡ്ഡിനായി ആരേ കോളനിയില്‍നിന്ന് മുറിക്കേണ്ട മരങ്ങള്‍ തങ്ങള്‍ മുറിച്ചതായും ഇനി മുറിക്കില്ല എന്നും മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. ഇതുവരെ മരങ്ങള്‍ മുറിച്ചത് നിയമവിധേയമാണോ എന്ന് കോടതിക്ക് പരിശോധിക്കാവുന്നതാണെന്നും തുഷാര്‍ മേത്ത കോടതിയില്‍ വ്യക്തമാക്കി.

അതേസമയം, ആരേ ഭൂമി പരിസ്ഥിതി ലോല പ്രദേശം ആണെന്നന്നതിനുള്ള രേഖകള്‍ ഹാജര്‍ ആക്കാന്‍ സുപ്രിംകോടതി ഹര്‍ജിക്കാരോട് നിര്‍ദേശിച്ചു. പൂജ അവധിക്ക് അടച്ച സുപ്രിംകോടതി വിഷയത്തിന്റെ അടിയന്തരപ്രാധാന്യം കണക്കിലെടുത്തതാണ് ഇന്ന് ഹര്‍ജി പരിഗണിച്ചത്.

SHARE