യുവരാജ് സിങിനെതിരെ സഹോദരന്റെ ഭാര്യ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കി

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം യുവരാജ് സിങിനെതിരെ ഗാര്‍ഹിക പീഡന കേസുമായി സഹോദര ഭാര്യയും മോഡലുമായ ആകാംക്ഷ ശര്‍മ വീണ്ടും രംഗത്ത്. യുവരാജിന്റെ കുടുംബം തന്നെ ശാരീരികമായും സാമ്പത്തികമായും പീഡിപ്പിച്ചുവെന്നു കാണിച്ചുള്ള ആകാംക്ഷയുടെ പരാതിയില്‍ ഭര്‍ത്താവ് സരോവര്‍ സിങ്, ഭര്‍തൃ മാതാവ് ശബ്‌നം, യുവരാജ് സിങ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട് യുവരാജിന്റെ കുടുംബത്തിന് നോട്ടീസയച്ചിട്ടുണ്ട്.

ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ പത്താം എഡിഷനിലെ മത്സരാര്‍ത്ഥിയാണ് ആകാംക്ഷ ശര്‍മ. ഗര്‍ഭം ധരിക്കണമെന്ന് യുവരാജിന്റെ കുടുംബം തന്റെ കക്ഷിയോട് ആവശ്യപ്പെടുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നു എന്ന് ആകാംക്ഷയുടെ അഭിഭാഷകന്‍ പറഞ്ഞു. ഈ സന്ദര്‍ഭത്തില്‍ ഇടപെടാതെ നോക്കി നിന്നു എന്നതാണ് യുവരാജിനെതിരായ ‘കുറ്റം’. ആകാംക്ഷയുടെ ഗാര്‍ഹിക പീഡന പരാതി ഗുരുഗ്രാമിലാണ് ഫയല്‍ ചെയ്തിരിക്കുന്നത്.

ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായിരിക്കെ 2014-ലാണ് ആകാംക്ഷയെ യുവരാജിന്റെ സഹോദരന്‍ സരോവര്‍ വിവാഹം ചെയ്യുന്നത്. ഭര്‍തൃ വീട്ടുകാരുടെ ശല്യം സഹിക്കാനാവാതെ നാലു മാസത്തിനു ശേഷം താന്‍ വിവാഹം ഉപേക്ഷിച്ചതായി ആകാംക്ഷ പിന്നീട് വ്യക്തമാക്കിയിരുന്നു. ദമ്പതികള്‍ കഴിഞ്ഞ വര്‍ഷം വെവ്വേറെ വിവാഹ മോചന ഹര്‍ജികള്‍ ഫയല്‍ ചെയ്തു.