സങ്കടം ഉള്ളിലൊതുക്കി അവര്‍ വീടുകളില്‍ പ്രാര്‍ത്ഥനാ നിരതരായി

അശ്‌റഫ് തൂണേരി

ദോഹ:പതിറ്റാണ്ടുകള്‍ പിന്നിട്ടെത്തിയ മഹാമാരി വെള്ളിയാഴ്ച പ്രാര്‍ത്ഥനകളില്‍ നിന്ന് വിശ്വാസികളെ തടഞ്ഞപ്പോള്‍ സങ്കടം ഉള്ളിലൊതുക്കി അവര്‍ താമസ കേന്ദ്രങ്ങളില്‍
പ്രാര്‍ത്ഥനാ നിരതരായി. കോവിഡ് 19 വൈറസ് പടരുന്നതിനെത്തുടര്‍ന്ന് ഖത്തര്‍ ഇസ്ലാമിക മന്ത്രാലയം കഴിഞ്ഞ ദിവസമാണ് അഞ്ചു നേരത്തെ സംഘടിത നമസ്‌കാരവും ജുമുഅയും താത്കാലികമായി നിര്‍ത്തിവെച്ച് പള്ളികളടക്കാന്‍ തീരുമാനിച്ചത്. ഇതോടെ കേട്ടറിവ് മാത്രമുള്ള ഇത്തരമൊരു സാഹചര്യത്തിലേക്ക് തങ്ങളെത്തിയപ്പോള്‍ പ്രവാസികളുള്‍പ്പെടെ വിശ്വാസി സമൂഹം ഏറെ ആകുലതയിലായി. ജുമുഅ കൂടി നിര്‍വ്വഹിക്കാനാവാതിരിക്കുക എന്ന ദു:ഖം കടിച്ചമര്‍ത്തി പലരും അല്ലാഹുവിനോട് കേണപേക്ഷിച്ചു, ഈ മഹാമാരിയില്‍ നിന്ന് തങ്ങളെ രക്ഷിക്കണേയെന്ന്. ബാച്ചിലര്‍ അക്കമഡേഷനുകളിലും കുടുംബവില്ലകളിലും ഫല്‍റ്റുകളിലും കഴിയുന്നവര്‍ അവരവരുടെ മുറികളില്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.

”വല്ലാത്തൊരു ഫീലിംഗായിരുന്നു ജുമുഅ നമസ്‌കാരം മുടങ്ങിയപ്പോള്‍ ഉണ്ടായത്. ബാപ്പാന്റെ കാലത്തു പോലും കേട്ടറിവില്ലാത്ത കാര്യങ്ങള്‍. ദജ്ജാല് വരുമ്പോഴാണ് ഇത്തരം സാഹചര്യം വരികയെന്നൊക്കെ കേട്ടിട്ടുണ്ട്. ജുമുഅ ഇല്ലാതായതോടെ കുടുംബത്തോടൊപ്പം വീട്ടില്‍ ജമാഅത്ത് നമസ്‌കരിക്കുകയായിരുന്നു. എത്രയും വേഗം രോഗ ഭീഷണിയില്‍ നിന്ന് മോചനം കിട്ടാന്‍ ഏറെ നേരം പ്രാര്‍ത്ഥിച്ചു.” വര്‍ഷങ്ങളായി ദോഹയിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ജോലി നോക്കുന്ന തൃശൂര്‍ കുന്ദംകുളം സ്വദേശി ഹംസ മച്ചിങ്ങല്‍ ചന്ദ്രിക യോട് പറഞ്ഞു.

തന്നെ കഴിഞ്ഞ ദിവസം മൂന്നു നാലു പേര്‍ നാളെ ജുമുഅ ഇല്ലാതായല്ലോ എന്ന് പറഞ്ഞ് പ്രയാസത്തോടെ വിളിച്ചതായി പണ്ഡിതനും എഴുത്തുകാരനുമായ യൂസുഫ് അന്‍സാരി പറഞ്ഞു. അവരോടെല്ലാം ഇസ്ലാമിന്റെ പൂര്‍വ്വ ചരിത്രം ബോധ്യപ്പെടുത്തി ആശ്വാസം നല്‍കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ” പൂര്‍വ്വീക കാലഘട്ടത്തില്‍ അബ്ബാസിയ ഖിലാഫത്തിന്റെ സന്ദര്‍ഭത്തില്‍ പകര്‍ച്ചവ്യാധി ഉണ്ടായതായി ഇസ്ലാമിക ചരിത്രത്തില്‍ വായിക്കാനാവും. ബഗ്ദാദിലും ഈജിപ്തിലും സിറിയയിലുമെല്ലാം പള്ളികള്‍ അടച്ചുപൂട്ടേണ്ടി വന്ന സാഹചര്യമുണ്ടായതായി കേള്‍ക്കുന്നു. ഇസ്ലാമിക വിധിപ്രകാരം പകര്‍ച്ചവ്യാധി വരുമ്പോള്‍ ആളുകളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാനും സംഘടിക്കുന്നത് ഇല്ലാതാക്കാനും മറ്റു നാടുകളിലേക്ക് യാത്ര ചെയ്യാതിരിക്കാനുമാണ് കല്‍പ്പിക്കുന്നത്. നാം ജീവിക്കുന്ന രാജ്യത്ത് തന്നെ തുടരാനും നിര്‍ദ്ദേശമുണ്ട്.

ഷാം യുദ്ധകാലത്ത് പ്ലേഗ് (താഊന്‍) വന്നപ്പോള്‍ ഉമര്‍ബിനു ഖതാബ് (റ) നേതൃത്വത്തിലുള്ള സംഘത്തിന് അങ്ങോട്ട് പോകാനായില്ല. പ്രവാചകന്‍ മുഹമ്മദ് നബി (അ) പറഞ്ഞത് അത്തരം സാഹചര്യത്തില്‍ അങ്ങോട്ട് പോകരുത് എന്നായിരുന്നു. സ്വഹാബി അബൂഉബൈദത്തുല്‍ ജര്‍റാഅ് നിങ്ങള്‍ അല്ലാഹുവിന്റെ ഖദ്‌റില്‍ നിന്ന് ഒളിച്ചോടുകയാണോ എന്ന് ഉമര്‍ (റ) വിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി അല്ലാഹുവിന്റെ ഖദ്‌റില്‍ വിശ്വാസമുള്ളതിനാലാണ് വരാതിരിക്കുന്നത് എന്നും നിങ്ങള്‍ക്ക് അവിടെ തന്നെ നില്‍ക്കാനും ഞങ്ങള്‍ ഇവിടെ നിന്ന് വരാതിരിക്കാനുമാണ് പകര്‍ച്ചവ്യാധി മൂലമുള്ള അല്ലാഹുവിന്റെ ഖദ്‌റ് എന്നും വിശദീകരിക്കുകയായിരുന്നു. മഹാമാരികളെക്കുറിച്ചും അത്തരം സന്ദര്‍ഭങ്ങളിലെ ഇസ്ലാമിക ലോക സാഹചര്യവും താന്‍ കൂടുതല്‍ പഠന വിധേയമാക്കുകയാണെന്നും അന്‍സാരി വിശദീകരിച്ചു.

SHARE