ദോഹയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം 183 യാത്രക്കാരുമായി കരിപ്പൂരിലെത്തി. രാത്രി 10.30 നാണ് വിമാനം എത്തിയത്. യാത്രക്കാരില്‍ നാല് പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഒരു കണ്ണൂര്‍ സ്വദേശിയെ കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവിധ ആരോഗ്യ പ്രശ്നങ്ങളുള്ള രണ്ട് കോഴിക്കോട് സ്വദേശികളെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഗര്‍ഭിണിയായ മലപ്പുറം സ്വദേശിനിയെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മടങ്ങി എത്തിയവരില്‍ 35 പേരെ കോവിഡ് കെയര്‍ സെന്ററുകളിലലേക്കും പ്രകടമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്ത 144 പേരെ സ്വന്തം വീടുകളിലേക്കും പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റി.
ഇന്നലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ അബുദാബി-കൊച്ചി വിമാനത്തില്‍ മടങ്ങിയെത്തിയത് 180 പ്രവാസികളായിരുന്നു. ഇതില്‍ 128 പേര് പുരുഷന്മാരും 52 പേര് സ്ത്രീകളുമാണ്. പത്ത് വയസില്‍ താഴെയുള്ള 10 കുട്ടികളും 18 മുതിര്‍ന്ന പൗരന്മാരും 17 ഗര്‍ഭിണികളും ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ 114 പേരെ വിവിധ ജില്ലകളിലെ കൊവിഡ് കെയര്‍ സെന്ററുകളിലും 65 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. എറണാകുളം സ്വദേശിയായ ഒരാളെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ചികിത്സക്കായി അയച്ചിരുന്നു.