കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ സാക്ഷ്യം പറഞ്ഞ് രക്തസാക്ഷികളുടെ ബന്ധുക്കൾ; സി.പി.എം ഫാസിസത്തെ തുറന്നുകാട്ടി ഡോക്യു ഫിക്ഷൻ

കോഴിക്കോട്: ”ഏട്ടന് നല്ല ഫുട്‌ബോൾ ഭ്രാന്തനായിരുന്നു. സ്വന്തമായി ഒരു ബൂട്ട് വേണമെന്നത് അവന്റെ ആഗ്രഹമായിരുന്നു. മാമനെക്കൊണ്ട് ദുബായിന്ന് ബൂട്ട് വരുത്തിക്കുകയും ചെയ്തു. എന്നാൽ, ആ ബൂട്ടിട്ട് കളിക്കാൻ ഏട്ടന് വിധിയുണ്ടായില്ല.”കാസർകോട് പെരിയയിലെ ഇരട്ടക്കൊലപാതകത്തിൽ ജീവൻ നഷ്ടപ്പെട്ട കൃപേഷിന്റെ ഒറ്റമുറിക്കുടിലിലിരുന്ന് ഓർമകൾ പങ്കുവെക്കുന്നത് സഹോദരി.”സ്‌കൂളിലെ പ്രോജക്ടുകൾ എഴുതാൻ എന്നെ ഏട്ടൻ എപ്പോഴും സഹായിക്കുമായിരുന്നു. അവസാനവും പ്രോജക്ടുകൾ ചെയ്തു തന്നാണ് പോയത്. ബാക്കിയുള്ളത് നാട്ടിലെ ഉത്സവമൊക്കെ കഴിഞ്ഞു ചെയ്തു തരാമെന്നു പറഞ്ഞു പോയതാണ്. പിന്നീട്ട് ഏട്ടൻ തിരിച്ചുവന്നില്ല”പെരിയ ഇരട്ടക്കൊലയിലെ മറ്റൊരു ഇര ശരത്‌ലാലിന്റെ സഹോദരി പൂർത്തിയാക്കാനാകാതെ പോയ ആ വാഗ്ദാനത്തിന്റെ കഥയിൽ നിന്ന് ഏട്ടനെ ഓർത്തെടുക്കുന്നു. സി.പി.എം കൊലക്കത്തി രാഷ്ട്രീയത്തിന് ഇരകളായി ജീവൻ പൊലിഞ്ഞവരുടെ രക്തബന്ധുക്കളുടെ നഷ്ടങ്ങളുടെ ജീവിതസാക്ഷ്യം പുറത്തെത്തിച്ചിരിക്കുകയാണ് ‘രക്തവും സാക്ഷ്യവും’  എന്ന ഡോക്യു ഫിക്ഷൻ. എഴുത്തുകാരൻ കൂടിയായ എ. മുഹമ്മദ് ഹനീഫയാണ് ഡോക്യു ഫിക്ഷന്റെ സംവിധാനവും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. പുറത്തിറങ്ങി ദിവസങ്ങൾക്കകം യൂടൂബിലും സമൂഹമാധ്യമങ്ങളിലും വൈറലായിരിക്കുകയാണ് ഡോക്യുമെന്ററി. ദിവസങ്ങൾക്കുള്ളിൽ പതിനായിരങ്ങളാണ് ‘രക്തവും സാക്ഷ്യവം’ കണ്ടുകഴിഞ്ഞത്. അരിയിൽ ഷുക്കൂർ മുതൽ ഏറ്റവുമൊടുവിൽ പെരിയ ഇരട്ടക്കൊല വരെ നീണ്ടുനിൽക്കുന്ന സി.പി.എം അക്രമരാഷ്ട്രീയ പരമ്പരയുടെ ഇരകളുടെ കുടുംബങ്ങളും ബന്ധുക്കളും തങ്ങൾക്കുണ്ടായ വലിയ നഷ്ടങ്ങളുടെ കണക്ക് നിരത്തുന്നു ഡോക്യു ഫിക്ഷനിൽ. ഷുക്കൂറിന്റെ സഹോദരനും സുഹൃത്തും, ടി.പി ചന്ദ്രശേഖരന്റെ വിധവ, നാദാപുരത്തെ മുഹമ്മദ് അസ്ലമിന്റെ മാതാവ്, തലശ്ശേരിയിയിലെ ഷുഹൈബിന്റെ പിതാവ്, പെരിയയിലെ കൃപേഷ്, ശരത്‌ലാൽ എന്നിവരുടെ സഹോദരിമാരും രക്ഷിതാക്കളും എന്നിവരുമൊക്കെയാണ് ഡോക്യുമെന്ററിയിൽ സി.പി.എം കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ സാക്ഷ്യം പറയുന്നത്.ഷുക്കൂറിന്റെ സഹോദരനും സുഹൃത്തും ആ ഭീകരദിനത്തിന്റെ ഓർമകൾ ഓർത്തെടുക്കുന്നു. നാടിനു നന്മ ചെയ്യാൻ നിരന്തരം ഉണർത്തിയിരുന്നു അവനെന്ന് അവർ ഉറപ്പിച്ചു പറയുന്നു. ഇനിയും കൊലക്കത്തിക്കിരയായി ഒരു ഭാര്യക്കും ഭർത്താവിനെയും ഒരു രക്ഷിതാക്കൾക്കും തങ്ങളുടെ മകനെയും ഒരു കുടുംബത്തിനും തങ്ങളുടെ സഹോദരനെയും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകരുതെന്ന് ടി.പിയുടെ വിധവ രമ. നാടിനു മുഴുവൻ നന്മ മാത്രം ചെയ്ത മകനോട് എന്തിന് അവർ ഈ ക്രൂരകൃത്യം ചെയ്‌തെന്ന് ഷുഹൈബിന്റെ പിതാവ്, ആ നടുക്കുന്ന ഓർമകളിൽ നിന്ന് ഇനിയും മുക്തമല്ലെന്ന് അസ്ലമിന്റെ ഉമ്മയും ഡോക്യുമെന്ററിയിൽ മനസ് തുറക്കുന്നു.കൃപേഷിന്റെയും ശരത്‌ലാലിന്റെയും സഹോദരിമാരുടെ കരളലിയിക്കുന്ന ഏട്ടനോർമകളാണ് ഡോക്യുമെന്ററിയിലെ ശ്രദ്ധേയ ഭാഗം. വീട്ടിനു കുറച്ചകലെ സി.പി.എം ക്രിമിിനലുകളുടെ വെട്ടേറ്റ് ജീവച്ഛവമായി കിടക്കുന്ന സഹോദരനെ കണ്ട ആ നടുക്കുന്ന കാഴ്ച ഒരു കാലത്തും മനസിൽനിന്ന് മായില്ലെന്ന് പറയുന്നു ശരത്‌ലാലിന്റെ സഹോദരിമാർ. അപരന്റെ ശബ്ദം സംഗീതമാകുന്ന കാലത്തിനായി കാത്തിരിക്കുന്നവർ അപരനെ കൊലക്കത്തിക്കിരയാക്കുന്ന വിരോധാഭാസം ചൂണ്ടിക്കാണിച്ചാണ് ഡോക്യു ഫിക്ഷൻ അവസാനിക്കുന്നത്. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റിയാണ് ഡോക്യു ഫിക്്ഷൻ നിർമിച്ചിരിക്കുന്നത്.