ഒ.പി സമയത്ത് ഡോക്ടര്‍മാര്‍ മരുന്നു കമ്പനിക്കാരെ കാണരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍

 

തിരുവനന്തപുരം: സര്‍ക്കാര്‍ ആസ്പത്രികളില്‍ ഒ.പി സമയത്ത് മരുന്നു കമ്പനികളുടെ പ്രതിനിധികളെ ഡോക്ടറുമായി കൂടിക്കാഴ്ച നടത്താന്‍ അനുവദിക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. മരുന്നുകളുടെ ജനറിക് നാമങ്ങള്‍ മാത്രം എഴുതിയാല്‍ മതിയെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും മരുന്ന് കമ്പനി പ്രതിനിധികള്‍ ഡോക്ടറുടെ സമയം കളയുന്നത് രോഗികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. ഒ.പി സമയം രോഗികളെ പരിശോധിക്കാന്‍ വേണ്ടി മാത്രം ഡോക്ടര്‍മാര്‍ മാറ്റിവെക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഇക്കാര്യം കൃത്യമായി നടപ്പാക്കണം.
ആരോഗ്യവകുപ്പ് ഡയറക്ടറില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. മരുന്നുകളുടെ ജനറിക് നാമങ്ങള്‍ മാത്രം നിര്‍ദ്ദേശിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് ഉണ്ടെന്നും അതിനാല്‍ മരുന്ന് കമ്പനികളുടെ പ്രതിനിധികള്‍ ഡോക്ടറെ കാണേണ്ടതില്ലെന്നും ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗികളെ നോക്കേണ്ട സമയത്തുള്ള പതിവാണ് ഇത്തരം കൂടികാഴ്ചകളെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. പലപ്പോഴും ഇത് ദീര്‍ഘനേരം നീണ്ടു നില്‍ക്കാറുണ്ട്. രോഗികള്‍ നോക്കുകുത്തികളായി ക്യൂവില്‍ നില്‍ക്കേണ്ട സാഹചര്യവും ഉണ്ടാകാറുണ്ട്. മരുന്നു കമ്പനികള്‍ വില്‍പ്പന വര്‍ധിപ്പിച്ച് ലാഭം നേടാനാണ് ശ്രമിക്കാറുള്ളത്. അവര്‍ക്ക് വരിയില്‍ നില്‍ക്കുന്നവരുടെ വിഷമം മനസിലാകില്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. ഷെഫിന്‍ കവടിയാര്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്.

SHARE