കോവിഡ് രോഗിയെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ അപകടപ്പെടുത്തി ഡോക്ടര്‍

അതിഗുരുതരാവസ്ഥയിലായ രോഗിയെ രക്ഷിക്കുന്നതിനിടെ സ്വന്തം സുരക്ഷാ കവചം അഴിച്ചു മാറ്റി ഡോക്ടര്‍.ന്യൂഡല്‍ഹി എയിംസ് ഡോക്ടര്‍ സാഹിദ് അബ്ദുള്‍ മജീദാണ്് സ്വന്തം ജീവന്‍ വരെ അപകടത്തിലാക്കി രോഗിയെ രക്ഷിക്കാനായി മുന്നിട്ടിറങ്ങിയത്. എന്നാല്‍ സുരക്ഷാ കവചം അഴിച്ചതിനാല്‍ അദ്ദേഹത്തിന്് 14 ദിവസത്തെ ക്വാന്റെയ്‌നില്‍ പ്രവേശിക്കണം.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ആംബുലന്‍സിനുള്ളിലാണ് സംഭവം.ഗുരുതരാവസ്ഥയിലായ രോഗിയെ മജീദ് ആംബുലന്‍സില്‍ എത്തി സന്ദര്‍ശിച്ചപ്പോള്‍ ശ്വാസം വലിക്കാന്‍ പോലും ബുദ്ധിമുട്ടുകയായിരുന്നു രോഗി. ട്യൂബു വഴി കൃത്രിമ ശ്വാസോച്ഛ്വാസം രോഗിക്ക് നല്‍കിയിരുന്നു. എന്നാല്‍ ചില തടസ്സങ്ങളെ തുടര്‍ന്ന് രോഗിയുടെ ട്യൂബ് ഊരി വീണ്ടും ഇന്‍ട്യൂബേറ്റ് ചെയ്യാന്‍ ഡോക്ടര്‍ തീരുമാനിച്ചു. ഈ സമയം ധരിച്ചിരുന്ന ഗോഗിള്‍സ് മൂലം കാഴ്ച ശരിയാവാഞ്ഞതാണ് സുരക്ഷാ കവചം ഊരാന്‍ ഡോക്ടറെ പ്രേരിപ്പിച്ചത്.

സാഹിദ് അബദുള്‍ മജീദ് തന്റെ നോമ്പു തുറക്കാന്‍ പോലും സമയമില്ലാതെയാണ് ആശുപത്രിയിലേക്ക് പോയതെന്ന് എയിംസ് റെസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ശ്രീനിവാസ് രാജ്കുമാര്‍ പറഞ്ഞു. ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലക്കാരനാണ് ഡോക്ടര്‍ സാഹിദ് അബ്ദുള്‍ മജീദ്.

SHARE