കോവിഡ് പോരാട്ടത്തിലെ മുന്നണിപ്പോരാളി;ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ മരിച്ചു

ബെംഗളൂരു: കോവിഡിനെതിരായ പോരാട്ടത്തിലെ മുന്നണിപ്പോരാളിയായിരുന്ന ഡോക്ടര്‍ക്കു ചികിത്സ നിഷേധിച്ച് മൂന്നു സ്വകാര്യ ആശുപത്രികള്‍. രാമനഗര ജില്ലയിലെ കനകപുര താലൂക്കില്‍ ചിക്കമുദവാഡി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ എസ്.ടി.മഞ്ജുനാഥിനാണു ചികിത്സ നിഷേധിച്ചത്. പിന്നീട് ബെംഗളൂരു മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചപ്പോഴേക്കും ഇദ്ദേഹം മരിച്ചു.

കടുത്ത പനിയും ശ്വാസംമുട്ടലും മൂലമാണു മഞ്ജുനാഥിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നു ബന്ധു ഡോ.നാഗേന്ദ്ര കുമാര്‍ പറഞ്ഞു. കോവിഡ് സംശയിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണ്. ഡോക്ടര്‍ ആയിട്ടുപോലും മൂന്ന് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നല്‍കിയില്ല. കോവിഡ് പരിശോധനാഫലം ഇല്ലെന്നതു ചൂണ്ടിക്കാട്ടിയാണു ചികിത്സ നിഷേധിച്ചതെന്നും നാഗേന്ദ്ര പറഞ്ഞു.

ജൂണ്‍ 25നാണു മഞ്ജുനാഥിനെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതും ആശുപത്രിയുടെ പ്രവേശനകവാടത്തില്‍ കുത്തിയിരിപ്പു സമരം നടത്തിയതിനെ തുടര്‍ന്ന്. ഇടയ്ക്കു നിലമെച്ചപ്പെട്ടെങ്കിലും ആരോഗ്യസ്ഥിതി മോശമായതോടെ ജൂലൈ 9ന് ബെംഗളൂരു മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വെന്റിലേറ്ററിലാക്കിയെന്നും നാഗേന്ദ്ര വ്യക്തമാക്കി.

മഞ്ജുനാഥിന്റെ ശ്വാസകോശം വികസിക്കാത്തതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ‘പ്രോണ്‍ പൊസിഷനില്‍’ കിടത്തേണ്ടത് അത്യാവശ്യമായിരുന്നു. ഇതിനായി ഫിസിയോ തെറപ്പിസ്റ്റിന്റെ സേവനം തേടി. എന്നാല്‍ പിപിഇ കിറ്റ് ധരിക്കാനോ കോവിഡ് ഐസിയുവില്‍ പ്രവേശിക്കാനോ ഫിസിയോ തെറപ്പിസ്റ്റ് തയാറായില്ല. തുടര്‍ന്നു സ്വകാര്യ തെറപ്പിസ്റ്റിന്റെ സേവനം തേടുകയായിരുന്നു.

SHARE