തളിപ്പറമ്പ്: നഗരസഭയിലെ മുഴുവന്‍ ക്ഷേത്രങ്ങളും തുറക്കില്ല. ജൂണ്‍ 30 വരെ എല്ലാ ക്ഷേത്രങ്ങളും അടച്ചിടാന്‍ നഗരസഭാ ചെയര്മാന് വിളിച്ചു ചേര്‍ത്ത ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനമായി. കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിലാണ് തീരുമാനം. ഈ മാസം 9 മുതല്‍ കര്‍ശന നിബന്ധനകളോടെ ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
എന്നാല്‍, കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം തളിപ്പറമ്പ് നഗരസഭാ ചെയര്മാന് മഹമൂദ് അള്ളാംകുളം നഗരസഭാ പരിധിയിലെ മഹല്ല് ഭാരവാഹികളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. പ്രസ്തുത യോഗത്തില്‍ ജൂണ്‍ 30 വരെ തത്സ്ഥിതി തുടരാനും പള്ളികള്‍ തുറക്കേണ്ടതില്ലെന്നും തീരുമാനിച്ചിരുന്നു. അതിന് പിന്നാലെയാണ് തിങ്കളാഴ്ച്ച ഉച്ചയോടെ നഗരസഭാ ചെയര്മാന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ യോഗം വിളിച്ചു ചേര്‍ത്തത്. ഈ യോഗത്തിലാണ് നഗരസഭാ പരിധിയിലെ ഒരു ക്ഷേത്രവും ജൂണ്‍ 30 വരെ തുറക്കേണ്ടെന്ന് ഐക്യകണ്ഠേന തീരുമാനിച്ചത്.
നഗരസഭാ പരിധിയില്‍ ടി ടി കെ ദേവസ്വത്തിന് കീഴിലുള്ള 13 ക്ഷേത്രങ്ങളും മറ്റ് സ്വകാര്യ ക്ഷേത്രങ്ങളും ഉള്‍പ്പെടെ ഒരു ക്ഷേത്രവും ജൂണ്‍ 30 വരെ തുറക്കില്ല. ഇവിടങ്ങളില്‍ നിലവിലുള്ളത് പോലെ നിത്യപൂജകള്‍ മാത്രമേ നടക്കുകയുള്ളൂ. യോഗത്തില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ വത്സലാ പ്രഭാകരന്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി ഉമ്മര്‍, ടി ടി കെ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ മുല്ലപ്പള്ളി നാരായണന് നമ്പൂതിരി, ട്രസ്റ്റി പി ഗോവിന്ദന് തുടങ്ങിയവര്‍ സംസാരിച്ചു.