ബെംഗളുരു: കര്‍ണാടക നിയമസഭയില്‍ വിശ്വാസവോട്ട് തേടാതെ ബി.ജെ.പി മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജിവെച്ചൊഴിഞ്ഞതോടെ കോണ്‍ഗ്രസ് – ജെ.ഡി.എസ് ക്യാംപില്‍ ആഹ്ലാദം. വികാരഭരിതമായ പ്രസംഗത്തിനൊടുവില്‍ യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചപ്പോള്‍ ആഹ്ലാദാരവങ്ങളോടെയാണ് താല്‍ക്കാലിക പ്രതിപക്ഷം എതിരേറ്റത്. സഖ്യത്തിന്റെ നിയുക്ത മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറും പരസ്പരം കൈപിടിച്ചുയര്‍ത്തി ചരിത്രനിമിഷം ആഘോഷമാക്കി.
DK Shivakumar waiting at the gate of Vidhana Soudha. He just told me on the phone that Anand Singh is on his way back, he will take him inside and that he will vote for Congress 🙂 pic.twitter.com/LI6opaTqw5
— Srivatsa (@srivatsayb) May 19, 2018
വിശ്വാസവോട്ട് തേടുമെന്ന് അവസാന നിമിഷം വരെ ബി.ജെ.പി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നെങ്കിലും യെദ്യൂരപ്പ പ്രസംഗമാരംഭിച്ചപ്പോള്‍ തന്നെ രാജിവെക്കാനുള്ള സാധ്യത തെളിഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് എം.എല്‍.എമാരെ അടര്‍ത്തിയെടുത്തിട്ടുണ്ടെന്നും ഭൂരിപക്ഷം തെളിയിക്കുമെന്നുമുള്ള ബി.ജെ.പിയുടെ അവകാശവാദത്തിനിടയിലും കോണ്‍ഗ്രസ് ക്യാംപിന്റെ ആത്മവിശ്വാസം മുഴുവന്‍ ഡി.കെ ശിവകുമാറിന്റെ മുഖത്തും നീക്കങ്ങളിലും പ്രതിഫലിച്ചിരുന്നു. കോണ്‍ഗ്രസ് എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ബി.ജെ.പിയെ അനുവദിക്കാതെ കാത്തുസൂക്ഷിച്ച ഡി.കെ, വിശ്വാസ വോട്ടെടുപ്പ് നടത്തിയാല്‍ കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യം വിജയിക്കുമെന്നു തന്നെ വ്യക്തമാക്കി.
കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച എല്ലാ എം.എല്‍.എമാരും ബി.ജെ.പിക്കെതിരെ വോട്ട് രേഖപ്പെടുത്തുമെന്നാണ് അവസാന നിമിഷവും സിദ്ധരാമയ്യ സര്‍ക്കാറില്‍ ഊര്‍ജമന്ത്രിയായിരുന്ന ശിവകുമാര്‍ സഭയിലെത്തുന്നതിനു തൊട്ടുമുമ്പും പറഞ്ഞത്. കോണ്‍ഗ്രസ് ക്യാംപില്‍ നിന്ന് വിട്ടുനിന്ന ആനന്ദ് സിങ് സഭയിലെത്തുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം വിധാന സൗധ (നിയമസഭ) യുടെ ഗേറ്റില്‍ കാത്തു നിന്നു. ആനന്ദ് സിങ് സഭയുടെ കവാടത്തിലെത്തിയപ്പോള്‍ നേരിട്ടു ചെന്ന് വിപ്പ് കൈമാറുകയും ചെയ്തു. ആനന്ദ് സിങിനെയും ഭാര്യയെയും ആലിംഗനം ചെയ്ത ഡി.കെ, ബി.ജെ.പിയുടെ കുതിരക്കച്ചവടം വിജയിച്ചില്ലെന്ന് സഭ കൂടുന്നതിനു മുമ്പേ തെളിയിക്കുകയും ചെയ്തു.
യെദ്യൂരപ്പയുടെ അവകാശവാദം അംഗീകരിച്ച്് ഗവര്‍ണര്‍ വാജുഭായ് വാല സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഉടന്‍ തന്നെ, കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സ്വാധീനിക്കപ്പെടാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട് ചടുലനീക്കങ്ങള്‍ ആസൂത്രണം ചെയ്യാനും ഡി.കെ ശിവകുമാറായിരുന്നു മുന്നില്‍. എം.എല്‍.എമാരെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിലേക്കും അവിടെ നിന്ന് ഹൈദരാബാദിലേക്കും മാറ്റാന്‍ നേതൃത്വം ന്ല്കിയതും ഡി.കെ തന്നെ. ജെ.ഡി.എസ് നേതൃത്വവുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തി സഭയിലെ ഭൂരിപക്ഷം ഉറപ്പുവരുത്താനുള്ള ചുമതലയും ശിവകുമാറിനായിരുന്നു.
ഇതാദ്യമായല്ല ഡി.കെ ശിവകുമാര്‍ സമ്മര്‍ദ ഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ രക്ഷകനാവുന്നത്. 2002-ല്‍ മഹാരാഷ്ട്രയില്‍ വിലാസ്റാവു ദേശ്മുഖ് അവിശ്വാസം നേരിട്ടപ്പോള്‍ മുംബൈയില്‍ നിന്ന് എല്ലാ കോണ്‍ഗ്രസ് എം.എല്‍.എമാരെയും ബെംഗളുരുവിലെത്തിച്ചത് കോണ്‍ഗ്രസ് ക്യാംപ് ഭദ്രമാക്കിയത് ഡി.കെയുടെ നേതൃത്വത്തിലായിരുന്നു.