റിസോര്‍ട്ട് ഇടിച്ചുകയറാന്‍ മടിക്കില്ല;മുന്നറിയിപ്പ് നല്‍കി ഡി.കെ ശിവകുമാര്‍

ബംഗളൂരുവില്‍ മധ്യപ്രദേശിലെ വിമത എം.എല്‍.എമാരെ താമസിപ്പിരിക്കുന്ന റിസോര്‍ട്ടിലേക്ക് ഇടിച്ചു കയറാനും മടിക്കില്ലെന്ന് കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡണ്ട് ഡി.കെ ശിവകുമാര്‍.വടക്കന്‍ ബംഗളൂരൂവിലെ ഹോട്ടല്‍ റമദയിലാണ് 22 എം.എല്‍.എമാരെയും പാര്‍പ്പിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് നേതാക്കള്‍ അകത്തേക്ക് കയറുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ ബി.ജെ.പി പ്രാദേശിക നേതാക്കള്‍ എം.എല്‍.എമാര്‍ക്ക് കാവല്‍ നില്‍ക്കുകയാണ് എന്നും ശിവകുമാര്‍ ആരോപിച്ചു.

എം.എല്‍.എമാരെ കാണാനെത്തിയ മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങിനെയും മറ്റു നേതാക്കളെയും പൊലീസ് ഇന്ന് രാവിലെ അറസ്റ്റു ചെയ്തിരുന്നു. ഡി.കെ ശിവകുമാറിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.തന്നെ തടങ്കലില്‍ വച്ച വേളയില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമമെന്നും ഇത് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് എന്നും ശിവകുമാര്‍ ട്വീറ്റ് ചെയ്തിരുന്നു.