ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡണ്ട് ഡി.കെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യ ശിവകുമാര്‍ വിവാഹിതയാകുന്നു. അന്തരിച്ച കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ത്ഥയുടെ മകന് അമര്‍ത്യയാണ് വരന്. കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്എം കൃഷ്ണയുടെ പേരക്കുട്ടിയാണ് അമര്‍ത്യ.
22കാരിയായ ഐശ്വര്യ എഞ്ചിനീയറിങ് ബിരുദധാരിണിയാണ്. ഡി.കെ സ്ഥാപിച്ച സ്ഥാപിച്ച ഗ്ലോബല്‍ അക്കാദമി ഓഫ് എഞ്ചിനീയറിങ്ങ് നോക്കി നടത്തുന്നത് ഇവരാണ്. അമേരിക്കയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ 26കാരനായ അമര്‍ത്യ പിതാവിന്റെ മരണ ശേഷം അമ്മ മാളവികയ്ക്ക് ഒപ്പം കുടുംബ ബിസിനസ് നടത്തുകയാണ്.
സിദ്ധാര്‍ത്ഥയുടെ മരണത്തിന് മുമ്പ് തന്നെ ഇരുവരും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നു. അപ്രതീക്ഷിതമായ വിയോഗത്തില്‍ വിവാഹം മാറ്റിവയ്ക്കുകയായിരുന്നു. ജോലിയുമായി ബന്ധപ്പെട്ട സാമ്പത്തിക സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂലൈ 31നാണ് സിദ്ധാര്‍ത്ഥ ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച ഇരുകുടുംബങ്ങളും ശിവകുമാറിന്റെ വീട്ടില്‍ വെച്ച് വിവാഹ നിശ്ചയത്തിന്റെ തിയതി തീരുമാനിച്ചു. എസ്എം കൃഷ്ണയുടെയും സിദ്ധാര്‍ത്ഥയുടെ ഭാര്യ മാളവികയുടെയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകള്‍. ഓഗസ്റ്റിലാണ് വിവാഹ നിശ്ചയം.
നേരത്തെ, ശിവകുമാറിനെതിരെയുള്ള ആദായ നികുതി വകുപ്പ് കേസില്‍ ഐശ്വര്യയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിളിച്ചു വരുത്തിയിരുന്നു.