ഡി.കെ ശിവകുമാറിനെ 13 വരെ കസ്റ്റഡിയില്‍ വിട്ടു പ്രതിഷേധം കത്തുന്നു

ന്യൂഡല്‍ഹി/ ബംഗളൂരു: കള്ളപ്പണ കേസില്‍ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റു ചെയ്ത കര്‍ണാടക മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡി. കെ.ശിവകുമാറിനെ ഈ മാസം 13 വരെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു. കസ്റ്റഡി കാലയളവില്‍ ദിവസവും 15 മിനിറ്റ് കുടുംബാംഗങ്ങള്‍ക്കും ഡോക്ടര്‍ക്കും അദ്ദേഹത്തെ കാണാനും കോടതി അനുമതി നല്‍കി. ശിവകുമാറിനെ 14 ദിവസം കസ്റ്റഡിയില്‍ വേണമെന്ന് ഇ.ഡി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
അന്വേഷണവുമായി ശിവകുമാര്‍ സഹകരിക്കുന്നില്ലെന്നും, ശിവകുമാറിന്റെ സ്വത്തില്‍ അസാധാരണമായ വളര്‍ച്ചയുണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന ഇ.ഡി ആവശ്യത്തെ ശിവകുമാറിന്റെ അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി എതിര്‍ത്തു. ശിവകുമാറിനെ 33 മണിക്കൂര്‍ ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്. അദ്ദേഹം നാടുവിടുമെന്ന ഭയവും വേണ്ട പിന്നെ എന്തിനാണ് ഇത്തരമൊരു ആവശ്യമെന്നും അദ്ദേഹം ചോദിച്ചു. ഒരിക്കലും ഇ.ഡിയില്‍ നിന്നും ഒളിച്ചോടാത്ത ഡി.കെയെ പുതിയതായി എന്തെങ്കിലും കണ്ടെത്തി എന്ന ഇ.ഡിയുടെ അവകാശ വാദത്തിന് കസ്റ്റഡിയില്‍ വിടരുതെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ചൊവ്വാഴ്ച രാത്രി അറസ്റ്റിലായ ശിവകുമാറിനെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഡല്‍ഹിയിലെ ആര്‍.എം. എല്‍ ആശുപത്രിയിലെ കൊറോണറി കെയര്‍ യൂണിറ്റിലേക്ക് മാറ്റി. ശിവകുമാറിന്റെ വസതിയില്‍ നിന്ന് കണ്ടെടുത്ത എട്ടു കോടി രൂപ കള്ളപ്പണം ആണെന്നാണ് ഇ.ഡിയുടെ ആരോപണം. അതേസമയം ഡി.കെ ശിവകുമാറിനെ കാണാനെത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ ആശുപത്രിയില്‍ തടഞ്ഞു. ഡി.കെ ശിവകുമാറിന് മാനുഷിക പരിഗണന പോലും നല്‍കുന്നില്ലെന്ന് കെ.സി വേണുഗോപാല്‍ ആരോപിച്ചു.
അതേ സമയം ഡി.കെയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ വന്‍ പ്രതിഷേധം തുടരുകയാണ്. ഇന്നലെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ബന്ദിനിടെ റോഡ് ഉപരോധവും വാഹനങ്ങള്‍ക്ക് നേരെ കല്ലേറുമുണ്ടായി. കര്‍ണാടക സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ രണ്ടു ബസുകള്‍ക്ക് തീയിട്ടതായും റിപ്പോര്‍ട്ടുണ്ട്. രാമനഗര, ചന്നപട്ടണ എന്നിവിടങ്ങളില്‍ പ്രതിഷേധക്കാര്‍ റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് ബംഗളൂരു, മൈസൂരു സര്‍വീസുകള്‍ കര്‍ണാടക ആര്‍.ടി.സി നിര്‍ത്തിവച്ചു. ശിവകുമാറിന്റെ മണ്ഡലമായ കനകപുരയില്‍ ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ശിവകുമാറിന്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

SHARE