പാര്‍ട്ടിവിട്ടവരെ തിരികെക്കൊണ്ടുവരാന്‍ ‘ഘര്‍ വാപസി’യുമായി ഡി.കെ ശിവകുമാര്‍

ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് മറ്റുപാര്‍ട്ടികളിലെത്തിയവരെ തിരികെക്കൊണ്ടുവരാന്‍ ‘ഘര്‍ വാപസി’യുമായി പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍. ഇതിനായി മുന്‍മന്ത്രി അല്ലം വീരഭദ്രപ്പയുടെ നേതൃത്വത്തില്‍ പന്ത്രണ്ടംഗസമിതി രൂപവത്കരിച്ചു. കഴിഞ്ഞ വര്‍ഷം ഒട്ടേറെ കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ പാര്‍ട്ടിവിട്ട് ബി.ജെ.പി.യില്‍ ചേരുകയും ഇതു കോണ്‍ഗ്രസ് ജെ.ഡി.എസ്. സഖ്യസര്‍ക്കാരിന്റെ പതനത്തിന് കാരണമാവുകയും ചെയ്തിരുന്നു. എന്നാല്‍ ബി.ജെ.പിയിലേക്ക് ചേക്കേറിയവരെയെല്ലാം തിരികെ കൊണ്ടുവരാനാണ് ‘ഘര്‍ വാപസി’യിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

കോണ്‍ഗ്രസില്‍നിന്ന് വിട്ടുപോയവരും അല്ലാത്തവരും പാര്‍ട്ടിയിലേക്കുവരാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും പലരും തന്നെ കണ്ടെന്നും ഡി.കെ. ശിവകുമാര്‍ പറഞ്ഞു. ഈ കാര്യത്തില്‍ തനിച്ച് തീരുമാനമെടുക്കുന്നത് ഉചിതമല്ലാത്തതിനാലാണ് പ്രത്യേകസമിതി രൂപവത്കരിച്ചത്. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവരുടെ വിവരങ്ങള്‍ സമിതി ശേഖരിച്ച് കെ.പി.സി.സി.ക്ക് കൈമാറുമെന്നും ശിവകുമാര്‍ വ്യക്തമാക്കി. കോണ്‍ഗ്രസില്‍ ചേരാന്‍ ആഗ്രഹിക്കുന്നത് ആരായാലും പാര്‍ട്ടിനേതൃത്വത്തെയും പ്രത്യയശാസ്ത്രത്തെയും അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ചില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി നിയമിതനായ ഡി.കെ. ശിവകുമാര്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരുകയാണ്.

SHARE