പ്രധാനമന്ത്രി കള്ളന്‍ തന്നെ; മോദിയെ പരിഹസിക്കുന്ന സിനിമയുമായി ദിവ്യ സ്പന്ദന

മുംബൈ: പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന് രാജ്യദ്രോഹത്തിന് കേസെടുത്തതിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരായ നിലപാട് ആവര്‍ത്തിച്ച് കോണ്‍ഗ്രസിന്റെ സാമൂഹ്യമാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദന. ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍’ എന്ന സിനിമയുടെ പോസ്റ്റര്‍ ട്വീറ്റ് ചെയ്താണ് ദിവ്യ തിരിച്ചടിച്ചിരിക്കുന്നത്. വഞ്ചന തന്റെ സ്വഭാവമാണെന്ന കുറിപ്പോടെയുള്ള അമീര്‍ഖാന്റെ ചിത്രമാണ് പോസ്റ്റര്‍. മോദി അംബാനി റഫാല്‍ ബ്ലോക്ബസ്റ്റര്‍ എന്നാണ് ഇതിന് വിശേഷണം നല്‍കിയിരിക്കുന്നത്.

#PMChorHai എന്ന ഹാഷ് ടാഗോടെ മോദി കള്ളന്‍ തന്നെയെന്നും ദിവ്യ മറ്റൊരു ട്വീറ്റില്‍ പറഞ്ഞിരുന്നു. നിങ്ങളുടെ പിന്തുണക്ക് വളരെയധികം നന്ദി. ട്വീറ്റ് ഇഷ്ടപ്പെടാത്തവരോട് ഞാനെന്ത് പറയാനാണ്? അടുത്ത തവണ ഞാന്‍ മികച്ചതാക്കാം..ഇന്ത്യ രാജ്യദ്രോഹക്കുറ്റത്തെ അകറ്റി നിര്‍ത്തണം. അത് പഴകിയതും ദുരുപയോഗം ചെയ്യപ്പെട്ടതുമാണ്. എനിക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തവരോട്, പ്രധാനമന്ത്രി കള്ളനാണ്…ദിവ്യ ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി മോദി തന്റെ മെഴുകു പ്രതിമയുടെ നെറ്റിയില്‍ കള്ളന്‍ എന്നെഴുതുന്ന ചിത്രം ട്വീറ്റ് ചെയ്തതിനാണ് ദിവ്യക്കെതിരെ പൊലീസ് കേസെടുത്തത്. റഫാല്‍ യുദ്ധവിമാനത്തിന്റെ കരാര്‍ വിവാദവുമായി ബന്ധപ്പെട്ടായിരുന്നു ദിവ്യയുടെ വിമര്‍ശനം.

SHARE