ചിത്രങ്ങളുടെ പരാജയം; തമിഴില്‍ വിജയ്ക്കും സൂര്യക്കും വിലക്കോ?

തമിഴിലെ സൂപ്പര്‍താരങ്ങളായ വിജയ്ക്കും സൂര്യക്കും വിലക്കേര്‍പ്പെടുത്തുന്നുവെന്ന സൂചനകളുമായി തമിഴ് മാധ്യമങ്ങള്‍. താരങ്ങളുടെ അടുത്തിറങ്ങിയ ചിത്രങ്ങളെല്ലാം വന്‍പരാജയങ്ങളാണെന്നും അതുകൊണ്ടാണ് വിലക്കേര്‍പ്പെടുത്താന്‍ തമിഴ് സിനിമ വിതരണക്കാര്‍ തയ്യാറായതെന്നുമാണ് റിപ്പോര്‍ട്ട്. രണ്ടുപേരുടേയും പുതിയ സിനിമകള്‍ തടയാനും നടന്‍മാര്‍ക്കെതിരെ വിലക്കേര്‍പ്പെടുത്താനുമാണ് തീരുമാനം. വിജയുടെ ഭൈരവയും, സൂര്യയുടെ സിങ്കം 3യും വന്‍പരാജയങ്ങളായിരുന്നുവെന്നാണ് തമിഴ്‌നാട് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ആരോപിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിലക്കിലേക്ക് നീങ്ങുന്നതും.

ഭൈരവയും പുലിയും സിങ്കം3യുമൊക്കെ നൂറ് കോടി കടന്നെന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍ ഇത് വെറും കള്ളക്കഥകളാണ്. താരമൂല്യം സംരക്ഷിക്കുന്നതിനും ഫാന്‍സിനെ പിടിച്ചുനിര്‍ത്തുന്നതിനും വേണ്ടിയാണ് ഇത്തരം അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പടച്ചുവിടുന്നത്. ഇത് നിര്‍മ്മാതാക്കളേക്കാള്‍ ഞങ്ങളെയാണ് ബാധിക്കുന്നതെന്നും വിതരണക്കാര്‍ പറയുന്നു. ചിത്രങ്ങളെല്ലാം വന്‍പരാജയങ്ങളായിരുന്നു. ഇരുവരുടേയും അടുത്തിറങ്ങിയ ചിത്രങ്ങളൊന്നും ബോക്‌സ്ഓഫീസ് വിജയം കൈവരിച്ചിട്ടില്ല. പത്രമാധ്യമങ്ങളിലൂടെ അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പടച്ചുവിടുകയാണെന്നും വിതരണത്തില്‍ ചിത്രങ്ങള്‍ നഷ്ടം മാത്രമാണ് വരുത്തിയിട്ടുള്ളതെന്നും വിതരണക്കാര്‍ കൂട്ടിച്ചേര്‍ത്തു.

വലിയ പ്രതീക്ഷയോടെയാണ് വിജയ്‌യുടെ ഭൈരവയും സൂര്യയുടെ സിങ്കം3യും പുറത്തിറങ്ങിയത്. ചിത്രങ്ങള്‍ വന്‍വിജയമായിരുന്നുവെന്നും നൂറ് കോടി കടന്നെന്നുമായിരുന്നു പ്രചാരണങ്ങള്‍.

SHARE