എം.എല്‍.എയുടെ പേരില്‍ അനധികൃത ഭൂമി, നിയമലംഘനം നടത്തി: പിവി അന്‍വറിനെതിരെ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്

കോഴിക്കോട്: പിവി അന്‍വര്‍ എം.എല്‍.എ നിയമലംഘനം നടത്തിയെന്ന് സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. പിവി അന്‍വര്‍ പേരിലുള്ള വാട്ടര്‍ തീംപാര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അന്തിമ സാക്ഷ്യപത്രം ലഭ്യമാക്കിയിട്ടില്ലെന്നും പാര്‍ക്കില്‍ അനധികൃത കെട്ടിടങ്ങള്‍ ഉണ്ടെന്നും ഇവ പൊളിച്ചു മാറ്റണമെന്നും കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നതായി പ്രമുഖ മലയാള ന്യൂസ് ചാനലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത് അംഗീകരിച്ച പ്ലാനില്‍ നിന്ന് വ്യത്യസ്തമായിട്ടാണെന്നും കലക്ടര്‍ കണ്ടെത്തി.

പാര്‍ക്കിനോട് ചേര്‍ന്ന് അന്‍വറിന്റെ പേരില്‍ അനധികൃത ഭൂമിയുണ്ടെന്നും കലക്ടര്‍ സ്ഥിരീകരിച്ചു.നിയമലംഘനങ്ങളില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്‍വറിന്റെ ഭൂമിയില്‍ വനം ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തത വരുത്തണമെന്നും അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്‍കുന്നതാണ് റിപ്പോര്‍ട്ട്.