സി.പി.ഐ മാര്‍ച്ചിനെതിരായ പൊലീസ് അതിക്രമം ജില്ലാ കളക്ടര്‍ അന്വേഷണം തുടങ്ങി


കൊച്ചി: ്യൂ്യൂഎസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സംഘര്‍ഷത്തില്‍ സിപിഎം അനുകൂല നിലപാട് സ്വീകരിച്ച ഞാറയ്ക്കല്‍ എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ എറണാകുളം ഡിഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തെ കുറിച്ച് ജില്ലാ കളക്ടര്‍ എസ് സുഹാസ് അന്വേഷണം ആരംഭിച്ചു. പൊലീസ് ലാത്തിചാര്‍ജ്ജില്‍ പരിക്കേറ്റ് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എല്‍ദോ എബ്രഹാം എംഎല്‍എക്ക് പുറമെ തലയ്ക്കടിയേറ്റ് എറണാകുളം ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലുള്ള സിപി ഐ ജില്ലാ സെക്രട്ടറി പി.രാജു, കൈക്ക് പരിക്കേറ്റ് ചികിത്സയിലുള്ള ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.എന്‍ സുഗതന്‍ എന്നിവരെ നേരില്‍ കണ്ട് മൊഴി രേഖപെടുത്തി. പരിക്കേറ്റതായി അവകാശപ്പെട്ട് ചികിത്സ തേടിയ എസിപി കെ.ലാല്‍ജി, എസ.്‌ഐ വിബിന്‍ദാസ് എന്നിവരില്‍ നിന്നും പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. പൊലീസ് അതിക്രമത്തില്‍ എംഎല്‍എയുടെ ഇടത് കൈ ഒടിഞ്ഞിരുന്നു. ആസ്പത്രി രേഖകളും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും കളക്ടര്‍ പരിശോധിച്ചു. പരിക്കേറ്റ സിപിഐ പ്രവര്‍ത്തകരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഒരാഴ്ച്ചയ്ക്കുള്ളില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് കളക്ടര്‍ പറഞ്ഞു.
എം.എല്‍.എ സ്പീക്കര്‍ക്ക്
പരാതി നല്‍കി
കൊച്ചി: ഡിഐജി ഓഫീസിലേക്ക് സിപിഐ എറണാകുളം ജില്ലാ നടത്തിയ മാര്‍ച്ചിനിടയില്‍ പൊലീസ് നടത്തിയ അതിക്രമത്തിനെതിരെ സിപിഐ എംഎല്‍എ എല്‍ദോ എബ്രഹാം നിയമസഭ സ്പീക്കര്‍ക്ക് പരാതി നല്‍കി. മാര്‍ച്ചിനിടയില്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി തന്റെ കൈ തല്ലിയൊടിച്ചതായി സ്പീക്കര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. രാവിലെ സ്പീക്കര്‍ എംഎല്‍എയെ ഫോണില്‍ വിളിച്ചിരുന്നു. സംഭവിച്ച കാര്യങ്ങള്‍ എം.എല്‍.എ വിശദീകരിച്ചു.
അതിക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. സ്പീക്കറും ഇതിനോട് അനൂകൂലമായി പ്രതികരിച്ചെന്ന് എല്‍ദോ എബ്രാഹം പറഞ്ഞു. എംഎല്‍എയായ താന്‍ ഉള്‍പ്പെടെ സമരത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന വിവരം പൊലീസിന് അറിയാമായിരുന്നു. സമര വേദിയില്‍ തന്റെ പേരടക്കം അനൗണ്‍സും ചെയ്തിരുന്നു. പൊലീസ് ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ലാത്തിച്ചാര്‍ജ് നടന്നാല്‍ അതിന്റെ ഉത്തരവാദിത്വം ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്കാണ്. പൊലീസിനെതിരെ സമരം നടക്കുമ്പോള്‍ അവര്‍ ജാഗ്രത കാട്ടണമായിരുന്നു. അതില്‍ വീഴ്ച്ച സംഭവിച്ചു. മര്‍ദനത്തില്‍ പരിക്കേറ്റ തങ്ങള്‍ ആസ്പത്രിയില്‍ ചികിത്സ തേടിയപ്പോള്‍ അതിനെ പ്രതിരോധിക്കാനാണ് തങ്ങള്‍ക്കും പരിക്ക് പറ്റിയെന്ന് പറഞ്ഞ് പൊലീസ് ചികിത്സ തേടിയതെന്നും എം.എല്‍.എ പറഞ്ഞു.

SHARE