ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കരുതലോടെ വാക്കുകള്‍ പ്രയോഗിക്കണമെന്ന് മന്‍മോഹന്‍ സിങ് പ്രസ്താവനയില്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ വാക്കുകള്‍ ചൈനയ്ക്കു സ്വന്തം ഭാഗം ന്യായീകരിക്കാന്‍ അവസരം നല്‍കുന്നതാവരുതെന്ന് മന്‍മോഹന്‍ പറഞ്ഞു.
തെറ്റായ വിവരങ്ങള്‍ നയതന്ത്രത്തിനോ ഉറച്ച നേതൃത്വത്തിനോ പകരമാവില്ല. രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്നതിനിടെ ജീവന്‍ നഷ്ടമായ സൈനികര്‍ക്കു പ്രധാനമന്ത്രി നീതി ഉറപ്പാക്കാക്കണം. അതില്‍ക്കുറഞ്ഞ് എന്തും രാജ്യത്തിന്റെ വിശ്വാസത്തോടുള്ള വഞ്ചനയായിരിക്കുമെന്ന് മന്‍മോഹന്‍ സിങ് അഭിപ്രായപ്പെട്ടു.
രാജ്യം ഇന്നൊരു വഴിത്തിരിവില്‍നില്‍ക്കുകയാണ്. ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ എന്തു തീരുമാനമെടുക്കുന്നു എന്നതും എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതും പ്രധാനമാണ്. ഭാവി തലമുറ അതു വച്ചാണ് നമ്മളെ അളക്കുക. നമ്മുടെ ജനാധിപത്യത്തില്‍ പ്രധാനമന്ത്രിക്കാണ് ആ ചുമതലയെന്ന് മന്‍മോഹന്‍ സിങ് ഓര്‍മിപ്പിച്ചു.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടു പറയുന്ന വാക്കുകളില്‍ പ്രധാനമന്ത്രി സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട്. ചൈനയ്ക്കു സ്വന്തം ഭാഗം ന്യായീകരിക്കാന്‍ ആ വാക്കുകള്‍ മറയാവരുത് മന്‍മോഹന്‍ പറഞ്ഞു.