മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന് കോവിഡില്‍ നിന്ന് സംരക്ഷിക്കുന്നതിന്റെ മുന്‍കരുതലിന്റെ ഭാഗമായി അണുനാശിനി തുരങ്കം സ്ഥാപിച്ചു. അദ്ദേഹത്തെ സന്ദര്‍ശിക്കുന്ന എല്ലാവര്ക്കും കോവിഡ് പരിശോധന നടത്തുമെന്ന് അദ്ദേഹത്തിന്റെ വക്താവ് നേരത്തെ പറഞ്ഞിരുന്നു. പുടിന് സന്ദര്‍ശകരെ സ്വീകരിക്കുന്ന ഔദ്യോഗിക വസതിയിലാണ് ‘അണുനാശിനി തുരങ്കം’ സ്ഥാപിച്ചിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിസായ ആര്.ഐ.എ റിപ്പോര്‍ട്ട് ചെയ്തു. മോസ്കോ നഗരത്തിന് പുറത്താണ് പുടിന്റെ ഈ ഔദ്യോഗിക വസതി. ഇവിടെ അദ്ദേഹത്തെ സന്ദര്‍ശിക്കുന്നവര്‍ ആദ്യം ഈ തുരങ്കത്തിലൂടെ കടന്നുപോകണം. ഇവിടെവെച്ച് സന്ദര്‍ശകരുടെ മേല്‍ അണുനാശിനി തളിക്കും.
പെന്‍സ നഗരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റഷ്യന്‍ കമ്പനിയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഉപകരണത്തില്‍ ഫേഷ്യല്‍ റെക്കഗനീഷ്യന്‍ സാങ്കേതികവിദ്യയും സന്ദര്‍ശകരുടെ ശരീരോഷ്മാവ് പരിശോധിക്കുന്ന സംവിധാനവുമുണ്ടെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. ഇതിലൂടെ പുടിനെയും അദ്ദേഹത്തെ സന്ദര്‍ശിക്കുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുമെന്നും നിര്‍മാതാക്കള്‍ അവകാശപ്പെട്ടു.മുഖാവരണം ധരിച്ച ഒരാളുടെ മേല്‍ തുരങ്കത്തിന്റെ മേല്‍ഭാഗത്തുനിന്നും വശത്തുനിന്നും അണുനാശിനി തളിക്കുന്നതായി ആര്‍ഐഎ പുറത്തുവിട്ട വീഡിയോയില്‍ കാണാം.