ഡബ്ല്യൂസിസിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് സംവിധായിക വിധു വിന്‍സന്റ്


തിരുവനന്തപുരം: സിനിമ രംഗത്തെ സ്ത്രീകളുടെ കൂട്ടായ്മയായ വിമണ്‍ കളക്ടീവ് ഇന്‍ സിനിമ (ഡബ്ല്യൂസിസി)യുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് സംവിധായക വിധു വിന്‍സന്‍ന്റ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായക സിനിമയിലെ വനിത സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി അറിയിച്ചത്.

വ്യക്തിപരവും രാഷ്ട്രീയപരവുമായ കാര്യങ്ങളാല്‍ ആണ് ഡബ്യൂസിസി ബന്ധം അവസാനിപ്പിക്കുന്നത് എന്ന് സംവിധായക ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഡബ്ല്യൂ.സി.സിയുടെ നിലപാടുകള്‍ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയില്‍ മാധ്യമ സുഹൃത്തുക്കള്‍ ഇത് ഒരു അറിയിപ്പായി കരുതണം. സ്ത്രീകള്‍ക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാര്‍ദ്ദ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും ഡബ്ല്യൂസിസി തുടര്‍ന്നും നടത്തുന്ന യോജിപ്പിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണയും ആശംസയും നേര്‍ന്നാണ് വിധു വിന്‍സെന്റ് പോസറ്റ് അവസാനിപ്പിക്കുന്നത്.
മലയാളത്തിലെ നടിക്കുനേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ സിനിമ രംഗത്തെ സ്ത്രീകളുടെ സുരക്ഷക്കും അവകാശങ്ങള്‍ക്കും വേണ്ടി നിലകൊള്ളാനായി 2017ലാണ് വിമെന്‍ ഇന്‍ കലക്ടീവ് രൂപീകരിച്ചത്. ഏറെ അവാര്‍ഡുകള്‍ നേടിയ മാന്‍ഹോള്‍, സ്റ്റാന്റ് അപ് എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകയാണ് വിധുവിന്‍സന്റ്.