കൊച്ചി: നടന് ഷൈന്‍ നിഗവും സംവിധായകന് ശരതും തമ്മിലുള്ള പ്രശ്നങ്ങളില്‍ പുതിയ വഴിത്തിരിവ്. ഷൈന്‍ നിഗം മടങ്ങിവരണമെന്ന് വെയില് സിനിമയുടെ സംവിധായകന് ശരത് ആവശ്യപ്പെട്ടു. ഷെയ്ന് തിരിച്ചുവന്ന് വെയില് സിനിമ പൂര്‍ത്തിയാക്കണമെന്നും, ഇതിനായി ഫെഫ്ക ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ശരത് ഫെഫ്കക്കു കത്തു നല്കി. ഷെയ്ന് സഹകരിച്ചാല്‍ 15 ദിവസം കൊണ്ട് സിനിമ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
ശരത് സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് വെയില്. ദിവസങ്ങള്‍ക്കു മുമ്പാണ് വെയിലിന്റെ ചിത്രീകരണത്തിനിടെ ഷെയ്ന് ഇറങ്ങിപ്പോന്നത്. പിന്നീട് മുടിവെട്ടിക്കൊണ്ടായിരുന്നു പ്രതിഷേധം. തുടര്‍ന്ന് ചിത്രീകരണം പ്രതിസന്ധിയിലാവുകയായിരുന്നു. വെയിലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നിര്‍മാതാക്കളുടെ സംഘടന ഇടപെട്ടതോടെ ഷെയ്ന് വിലക്ക് നേരിടുകയാണ്. വിലക്ക് സംബന്ധിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ അമ്മയും തമ്മിലുള്ള ആദ്യവട്ട ചര്‍ച്ച അഞ്ചിനു നടക്കാനിരിക്കെയാണ് സംവിധായകന് കത്ത് നല്‍കിയിരിക്കുന്നത്.
അതേസമയം, സിനിമയുടെ ചിത്രീകരണം പാതിവഴിയില്‍ നിന്നു പോയത് തെറ്റിദ്ധാരണ മൂലമാണെന്നും ശരത് വ്യക്തമാക്കി. അഞ്ച് വര്‍ഷമായി ഈ പ്രൊജക്ടിന് പിറകെയാണ്. സിനിമയുടെ 75 ശതമാനത്തോളം ചിത്രീകരണം കഴിഞ്ഞു. ഞാനും ഷെയ്നും വെയിലിന് വേണ്ടി ഒരുപാട് പരിശ്രമിച്ചിട്ടുണ്ട്. എല്ലാ പ്രശ്നങ്ങളും രമ്യമായി ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്നാണ് എന്റെ ആഗ്രഹമെന്നും ശരത് കൂട്ടിച്ചേര്‍ത്തു.
വിലക്കേര്‍പ്പെടുത്തിയ നിര്‍മ്മാതാക്കളുടെ നടപടി ഒട്ടേറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. സംവിധായകരായ ആഷിഖ് അബു, കമല്‍, രാജീവ് രവി, ഷാജി എന്‍ കരുണ്‍ തുടങ്ങിയവര്‍ ഷൈന്‍ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഷൈന്റെ പെരുമാറ്റത്തില്‍ പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിലും വിലക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ഇവരുടെ അഭിപ്രായം. അതിനിടെ, സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ പിന്തുണ വര്‍ദ്ധിച്ചതോടെ നിര്‍മ്മാതാക്കളും പ്രതിസന്ധിയിലാണ്.