സുഡാനി ഫ്രം നൈജീരിയയെ തകര്‍ക്കരുതെന്ന അപേക്ഷയുമായി സംവിധായകന്‍ സക്കറിയ

കൊച്ചി: റിലീസ് ചിത്രം സുഡാനി ഫ്രം നൈജീരിയയെ നശിപ്പിക്കുന്ന പ്രവണതകള്‍ക്കെതിരെ പ്രതികരണവുമായി സംവിധായകന്‍ സക്കറിയ. തിയ്യേറ്ററില്‍ നിന്നും ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് സിനിമയെ ദോഷമായി ബാധിക്കുമെന്ന് സക്കറിയ പറഞ്ഞു.

‘പ്രേക്ഷകര്‍ക്ക് സിനിമയോട് തോന്നുന്ന സ്‌നേഹം മനസ്സിലാക്കാം. ആ സ്‌നേഹത്തിന്റെ പേരില്‍ തിയേറ്ററില്‍ നിന്നും ദൃശ്യങ്ങള്‍ പകര്‍ത്തരുത്. സുഡാനിയുടെ പല പ്രധാന ദൃശ്യങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കയാണ്. ചിത്രത്തിന്റെ ദൃശ്യങ്ങള്‍ വീണ്ടും കാണാനാണെങ്കില്‍ പോലും ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്’; സക്കറിയ പറഞ്ഞു.

ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ മലപ്പുറത്തിന്റെ സാധാരണ ജീവിതങ്ങളാണ് സിനിമയുടെ പ്രമേയം. റിലീസായതിനുശേഷം തിയ്യേറ്ററുകളില്‍ നിറഞ്ഞോടുകയാണ് ചിത്രം. അതിനിടെയാണ് ചിത്രത്തിന്റെ ഭാഗങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.